സ്മൃതിസ്പര്‍ശങ്ങള്‍.... - മലയാളകവിതകള്‍

സ്മൃതിസ്പര്‍ശങ്ങള്‍.... 

ചിരപരിചിതം സൌഹൃദം സാന്ത്വനം
തളിരിടും നേ,രൊരാജന്മ സൌഭഗം.
പഴയ കാര്യങ്ങള്‍ കണ്മുന്നി,ലെന്തൊരു
ഹൃദയഭാര,മീ സ്നേഹക്കൊടുമുടി.
നിലവിളിക്കുന്നു കാവല്‍കോശങ്ങളും
പലനിലയ്ക്കും പൊലിഞ്ഞ വേഷങ്ങളും.
സമയദൂരങ്ങള്‍തന്‍ വിളിപ്പാടുകള്‍-
ക്കകലെ, നാം സ്മൃതിസ്പര്‍ശമേളം ലയം.
തലയില്‍ ന്യൂറോണ്‍ ത്രിമാനാങ്കനങ്ങളില്‍
മലര്‍‌മണം, നിന്‍‌ മണിസ്വനം കാഴ്ചകള്‍.


കവിത, കാലാന്ത ശൂന്യസ്ഥലാന്തരം
കവിയു,മെത്ര പ്രകാശവര്‍ഷങ്ങള്‍തന്‍
സ്പന്ദതാളം, തുളച്ചു കേറുന്നു നീ
നൊന്തുരുകും ശിഥിലകലകളില്‍.
വറുതി വാട്ടും വ്യഥ, വരള്‍ക്കണ്ണുകള്‍,
തരുക- വാഴ്വിന്നദൃശ്യമാം രശ്മികള്‍..

കനവിനൊക്കെയു,മപ്പുറം നീറിടും
മന,മബോധം തുടിക്കുന്ന ബിന്ദുവില്‍
നിന്നു,മെന്‍‌ ബോധവൃത്തത്തിലേയ്ക്കു നീ
നെയ്തിടും സ്പര്‍ശരേഖകള്‍, മണ്ണിന്റെ
ഹരിത ദാഹം കടമെടുക്കുന്നുവോ...?
പകരമായ്, ജന്മജന്മാന്തര തപ-
സ്സാര്‍ദ്ര മൌനതരം‌ഗസൌരഭ്യ, മീ-
ഗാഢചും‌ബനം, (സ്നേഹം തുടക്കത്തില്‍
വെറുതെ, സ്നേഹമായ്, പിന്നെ,യന
ന്തമാ,മനുഭവങ്ങള്‍, പരസ്പര,മാശ്രിതം
രേഖകളുടെ ജീവിത,മാത്മാവിന്‍
മേഖലകളില്‍ ) കോറുന്ന വാക്കുകള്‍...


up
0
dowm

രചിച്ചത്:Raji Chandrasekhar
തീയതി:13-12-2010 11:53:17 AM
Added by :prakash
വീക്ഷണം:168
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :