പനിച്ചും വിറച്ചും പെയ്യുന്നുണ്ട് മഴ....!
------------------------------------------------------------
പനിച്ചും വിറച്ചും പെയ്യുന്നുണ്ട് മഴ....!
----------------------------------------------------------------
പനിച്ചും വിറച്ചും പെയ്യുന്നുണ്ട് മഴ
ആദ്യമൊരു തുമ്മലായ് ഒരു ചീറ്റലായ്
കൊടും തണുപ്പിലൊരു ചെറു ചൂടായ്
ഒരു ചുമയായ് പെയ്യുന്നുണ്ട് മഴ ......!
പുതു മഴയിൽ നനഞ്ഞ് കുളിച്ച്
പാതവക്കിൽ ചാടി രസിച്ച്
പാതി നനഞ്ഞ പുസ്തക കെട്ടുമായ്
പടിവാതിൽ ചവുട്ടിയാൽ
അമ്മയെത്തുമോടിക്കിതച്ചെ-
ന്റെ മോൻ നനഞ്ഞതെന്തിനൊ-
ന്നൊതുങ്ങാമായിരുന്നില്ലേ
കടത്തിണ്ണ മേലെങ്കിലും ..!
എന്നോതി അമ്മ തോർത്തി തന്ന
ചൂടിന്നും അവശേഷിപ്പുണ്ടെൻ
മനസ്സിലൊരു സ്വാന്തനമായെന്നും ..!
ഇന്നിവിടെയെൻ പ്രാണ പ്രേയസി
മൊഴിയുന്നുണ്ട് നനഞ്ഞു വന്നിരിക്കുന്നു
പനിപിടിച്ചു കിടന്നോ നോക്കില്ലാരു-
മെന്നാലു മൊന്നു തുമ്മിയാലോടിയെത്തും
തുടച്ചൊന്നു തലോടും വിക്സെടുത്തൊന്നു-
പിടിച്ചിടും മൃദു ഹാസമോടെ മൊഴിഞ്ഞിടും
ആവിപിടിക്കട്ടെയോരല്പം ചുക്കു കാപ്പി
കുടിക്കുകിൽ നന്നായിടും ഈ സ്നേഹം തുളുമ്പും
മധുര വാക്കുപോലും മധുരിച്ചിടും കാപ്പിയിലും
മീതേ മധുരമായ് പ്രേമ മധുരമായ് ഒരു
കൊടും വേനൽ പനിപോലും വിട്ടകന്നിടും ...!
പനിച്ചും വിറച്ചും പെയ്യുന്നുണ്ട് മഴ
ആദ്യമൊരു തുമ്മലായ് ഒരു ചീറ്റലായ്
കൊടും തണുപ്പിലൊരു ചെറു ചൂടായ്
ഒരു ചുമയായ് അമ്മതൻ സ്വാന്തനമായ്
പ്രാണ പ്രേയസിതൻ മധുമൊഴിയായ്
മധുരത്തിനും മീതെ അതി മധുരമായ്
പ്രണയ മധുരമായ് പെയ്യുന്നുണ്ട് മഴ ......!
മെഹബൂബ്.എം
തിരുവനന്തപുരം
Not connected : |