നോവുകള്‍ - തത്ത്വചിന്തകവിതകള്‍

നോവുകള്‍ 

ദൂരെനിന്നഭയാര്‍ത്ഥികള്‍ മുറിപ്പെട്ട
മാനവും ദേഹവും പേറിയിങ്ങെത്തുന്നു.
വാളോ ഖുറാനോ, നിനക്കേതുവേണമെ-
ന്നോര്‍മ്മയിലാരോ വിളിച്ചു ചോദിക്കുന്നു.
ഇന്ത്യ നടുങ്ങുന്നഹിംസതന്‍ ശോഷിച്ച
തന്ത്രി തകര്‍ന്നൊരു തേങ്ങലുയരുന്നു.
മാതൃരക്തത്തില്‍ മുഖം കഴുകിക്കൊണ്ടു
നേതൃത്വമോഹികളിന്നും തിമിര്‍ക്കുന്നു.

ദൂരെ നിന്നെന്തേ മുഴങ്ങുന്നു, കാലന്റെ
കാലദേശങ്ങളെത്താണ്ടും കൊലവിളി.
പ്രേതങ്ങളോടും ചിലമ്പൊച്ച പൊങ്ങുന്ന-
തേതന്ധകൂപത്തില്‍ നിന്നാണു നിത്യവും
മന്ത്രവാദത്തിനായ് മാര്‍ക്സില്ലിസങ്ങളും
തന്ത്രങ്ങളൊതുങ്ങുന്നു കൂട്ടക്കൊലകളില്‍
പൊട്ടിത്തെറിക്കുമിസം തുരുമ്പിച്ചയണ്‍
കര്‍ട്ടന്‍ പലതായ് വലിഞ്ഞുകീറുന്നുവോ !
"തീര്‍ന്നില്ല വര്‍ഗ്ഗസമരങ്ങ,ളെത്രയോ
കാതങ്ങളായി, നാം ലക്ഷ്യത്തിലെത്തുമോ..?"


ദൂരെനിന്നാരവം കേള്‍ക്കുന്നതെന്തിനി-
പ്പോരിനിറങ്ങും സൃഗാലവൃന്ദങ്ങളോ !
ബൈബിളു,മപ്പവും തോക്കും മരണവും
കൈകള്‍ വിടര്‍ത്തി നില്ക്കുന്നൂ കുരിശുമായ്
വര്‍ണ്ണ വിവേചനം പീഡനം വെള്ളിയും
സ്വര്‍ണ്ണവു,മെങ്ങും നിറഞ്ഞൊഴുകീടവെ
പറ്റമായ് മുട്ടുകള്‍ കുത്തു,മജങ്ങള്‍തന്‍
കണ്ഠത്തി,ലാഴ്ത്തപ്പെടുന്നുണ്ടു കത്തികള്‍.


up
0
dowm

രചിച്ചത്:Raji Chandrasekhar
തീയതി:13-12-2010 03:22:52 PM
Added by :prakash
വീക്ഷണം:205
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :