ഉണ്ണീ നീ മറക്കല്ലേ
പൂക്കളെ നോക്കുക ഉണ്ണീ - നിൻ
പൂമുഖം പോലുള്ളതല്ലേ ! (2)
പാടുവാൻ തോന്നുന്നെനിക്ക് - അവ
കാണുമ്പോളുണ്ണീയെന്നുള്ളിൽ
പങ്കിലമേശാത്ത കരളായ് - നീ
പാരിതിൽ എന്നെന്നും വാഴ്ക
പൂന്തേനരുവികളുള്ള - ഒരു
കാനനഭൂമിയിതിങ്കൽ
ഒരുനാൾ ജനിച്ചു നീയിവിടെ - മെല്ലെ
ഭൂമിയിൽ നവജാതനായി
പത്തുമാസം ചുമന്നമ്മ - നിന്നെ
കാത്തതിൻ ശേഷമതല്ലേ ! (2)
നിർമലമാനസമായി - നീയൊരു
നിരുപമ സൗരഭ്യമായി
അമ്മിഞ്ഞപ്പാലിൻ മധുരം - നുകർ
ന്നാത്മാവിലാനന്ദമേകി
കുട്ടികളൊപ്പം കളിക്കാൻ - ആദ്യം
കളിപ്പാട്ടങ്ങൾ ഞാൻ നൽകിയില്ലേ
കൊഞ്ചിച്ചു വാൽസല്യത്തോടെ - അച്ഛനും
നിന്നെ ശിരസ്സിൽ വഹിച്ചു
എങ്ങിനെ വിസ്മരിച്ചീടും - ഉണ്ണീ
സ്വർഗീയമാകുമാ കാലം
സൌന്ദര്യമേറുംപ്രഭയിൽ - പൂമേനി
നാന്മുഖൻ ദാനമതെന്നോ ! (2)
എത്രയോ സ്വപ്‌നങ്ങൾ കണ്ടു -നിന്റെ
ഭാവിയെ ഓർത്തമ്മ നിന്നു
ദുഃഖങ്ങൾ എല്ലാം മറച്ചു - നിന്നെ
സന്തോഷമുള്ളവനാക്കാൻ
എത്ര ദിനങ്ങൾ ചെയ്തു - കഠിന
ജോലികൾ നിന്നെയൊർത്തമ്മ
പൂമുഖം വാടുമ്പോളമ്മ - നല്ല
കഥകൾ പറഞ്ഞിരുന്നില്ലേ
നിദ്രതൻകൈകൾ തഴുകും - നേരത്തു
താരാട്ടു പാടിയുറക്കും
ഈയമ്മയിന്നൊരു കുഞ്ഞായ് - ത്തീർന്നു
നീയോ വലിയൊരു വ്യക്തി
വിസ്മരിക്കല്ലേ നീയുണ്ണീ - നിന്റെ
കടമകളന്ത്യംവരേയും
എന്നെ സംരക്ഷിക്കു വാനുണ്ണീ - നിനക്കു
നന്മകൾ നഷ്ട്ടമാകല്ലേ ! (2)
Not connected : |