കോടീശ്വരന്‍ - തത്ത്വചിന്തകവിതകള്‍

കോടീശ്വരന്‍ 

മഴയുള്ള ദിവസമായിരുന്നു. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതിനാല്‍ പുറത്തേക്ക്‌ നോക്കി ഇരിക്കുകയായിരുന്നു ഞാന്‍. ഒരു മോടിയാര്‍ന്ന കാര്‍ അപ്പോള്‍ മുന്നിലായി വന്നുനിന്നു. കാര്‍ എന്നും എന്റെ ദൗര്‍ബല്യമാണ്‌. അതുകൊണ്ട്‌ തന്നെ കാറുകളില്‍ വരുന്ന ആളുകളെ വീക്ഷിക്കാന്‍ പ്രത്യേക താത്പര്യം തോന്നിയിരുന്നു. കാറുകളില്‍ വന്നിറങ്ങുവരുടെ ഭംഗിയാര്‍ന്ന ഉടയാടകള്‍ ....നടപ്പ്‌....രൂപഭാവാദികള്‍ അങ്ങനെ എല്ലാം എന്നില്‍ കൗതുകം ജനിപ്പിച്ചിരുന്നു.
പക്ഷേ, പതിവില്‍ നിന്നും വിപരീതമായി അവിടെ വന്നു നിന്ന വിലപ്പിടിപ്പുള്ള ആ വെളുത്ത കാറില്‍ നിന്നാദ്യം പുറത്തുവന്നത്‌ ഒരു കറുത്ത കാലാണ്‌. പലവട്ടം തുന്നിപഴകിയ, ചെരുപ്പുകുത്തികള്‍ പോലും കയ്യിലെടുക്കാന്‍ അറപ്പുകാട്ടുന്ന ചെരുപ്പുകള്‍ അണിഞ്ഞ, മെലിഞ്ഞുണങ്ങിയ കറുത്തകാല്‌.............!
എനിക്ക്‌ ചിരി വന്നു. അടുത്തുണ്ടായിരുന്ന പരിചയക്കാരന്‍ എന്നെ ശാസിച്ചു കൊണ്ട്‌ പിറുപിറുത്തു........ കോടീശ്വരനായിരുന്ന ആളാണ്‌.......!
കടലിലെ തിരയടങ്ങിയതുപോലെ എന്റെ ചുണ്ടിലെ ചിരികെട്ടു. പക്ഷേ, ആകാംക്ഷ അപ്പോള്‍ ബലൂണ്‍ കണക്കെ വീര്‍ത്തു. .....എനിക്കൊന്നും മനസ്സിലായില്ല.
തുളവീണ്‌ നരച്ച കാലന്‍ കുട കാര്‍മേഘം മൂടിയ ആകാശത്തേക്കയാള്‍ തുറന്നു പിടിച്ചു. ധാരാളം പകല്‍ നക്ഷത്രങ്ങള്‍ അതിലൂടെ ഭൂമിയിലേക്കിറങ്ങിവന്നു. അലക്കി അലക്കി മഞ്ഞനിറം ബാധിച്ച പഴയൊരു പോളിസ്റ്റര്‍ മുണ്ടും ഷര്‍ട്ടുമായിരുന്നു അയാളുടെ വേഷം.
കുറച്ചു മുമ്പ്‌ ഏട്ടന്‍ ഒരു കൈമാറ്റകാരാറുണ്ടാക്കികൊടുക്കണമെന്ന്‌ ടെലഫോണില്‍ വിളിച്ചു പറഞ്ഞ ആ കോടീശ്വരന്‍ ഒരുവേള ഇയാളായിരിക്കുമോ...?
മലയോര മേഖലയില്‍ ഭാഗ്യദേവത കടാക്ഷിച്ച വാര്‍ത്ത പത്രത്താളുകളില്‍ നിറഞ്ഞ്‌ നിന്നത്‌ ഈയിടെയാണ്‌.
ആ രൂപം എന്റെ കണ്ണില്‍ നിറയുന്തോറും എന്റെ വിചാരങ്ങളില്‍ ക്ലാവു പിടിക്കാന്‍ തുടങ്ങി.
എല്ലു മുറിയെ പണിയെടുത്ത്‌ ജീവിതം പച്ചപിടിപ്പിക്കാന്‍ പാടുപെടുന്ന ഒരു പാവം തൊഴിലാളി..!
രാപ്പകല്‍ വിയര്‍പ്പൊഴുക്കി സര്‍വ്വോപരി മണ്ണിനെ മനസ്സിലേക്കാവാഹിച്ച ഒരു മലയോരക്കര്‍ഷകന്‍..
സ്വന്തം മക്കളെക്കാള്‍ ഉപരി സ്നേഹിച്ച ഒരു തുണ്ട്‌ ഭൂമിയും കൊച്ചു കൂരയും പ്രകൃതിയുടെ വിളയാട്ടത്തില്‍ ഒരുനാള്‍ കടപുഴക്കിയെറിയപ്പെട്ടപ്പോള്‍ സ്ഥലകാലം മറന്ന്‌ പൊട്ടിക്കരഞ്ഞു പോയിട്ടുണ്ടാകുമിയാള്‍....
ആ കണ്ണീരുകണ്ട്‌ മനസ്സലിഞ്ഞ്‌ ഏതോ ഒരു അദൃശ്യ ശക്തിയുടെ സന്മനസ്സ്‌....ഒരൊറ്റ ദിനം കൊണ്ടയാള്‍ കോടിപതിയാക്കിയിരിക്കുന്നു. ഒരു ബമ്പര്‍ ലോട്ടറിയിലൂടെ...!
പണത്തിന്റെ മഞ്ഞളിപ്പില്‍ സ്വന്തം ഭാര്യയും മക്കളും വരെ തള്ളി പറഞ്ഞപ്പോള്‍ തനിക്കു സ്വന്തമായിട്ടുള്ളത്‌ ഒരു പിടി മണ്ണു മാത്രമാണെന്ന്‌ അയാള്‍ അകമഴിഞ്ഞ്‌ വിശ്വസിച്ചു. ആ മണ്ണിനെ തിരിച്ചു പിടിക്കാന്‍ വേണ്ടി അയാളിന്നും രാപ്പകള്‍ എല്ലു മുറിയെ പണി ചെയ്യുന്നു.
ചെറ്റകുടില്‍ കൊട്ടാരമായതയാള്‍ അറിഞ്ഞില്ല. തനിക്കുചുറ്റും നടമാടുന്ന മാറ്റങ്ങളെ കുറിച്ച്‌ അയാള്‍ തികച്ചും അജ്ഞനായിരുന്നു.... സ്വന്തക്കാര്‍ തള്ളി പറഞ്ഞു...പണത്തിന്റെ ധവളിമയില്‍ അടുത്തുകൂടിയ ബന്ധുമിത്രാദികള്‍ കിട്ടാവുതൊക്കെ വെട്ടിപ്പിടിച്ച്‌ പരസ്പരം തല്ലിപ്പിരിഞ്ഞു. ബാക്കിയായ സ്വത്തിലെ അവസാനത്തരിയായിരുന്നു വിറ്റുതുലച്ച വിലകൂടിയ ആ കാറ്‌....!
അതിനായിട്ടാണ്‌ ജരാനര ബാധിച്ച അയാളിന്നലെ ടൗണില്‍ വന്നത്‌..
ആ കാര്‍ കൂടി കൈവിട്ടുപോയപ്പോള്‍, ഉണങ്ങിയ ഒരു പാഴ്മരം കണക്കെയാണയാള്‍ നടുറോട്ടില്‍ നിസഹായനായി നിന്നത്‌... ഒരു കൈയ്യില്‍ വാറു പൊട്ടിയ ചെരുപ്പും മറുകൈയ്യില്‍ തുറന്നു പിടിക്കാന്‍ മറന്ന കാലന്‍ കുടയുമായിട്ട്‌...! അയാള്‍ക്കപ്പോള്‍ ശരിക്കുമൊരു കോമാളിയുടെ ലുക്കായിരുന്നു.! പിന്നീട്‌ ഒരു മഴച്ചിത്രം പോലെ മറവിയുടെ മേലാപ്പിലേക്ക്‌ മെല്ലെ മാഞ്ഞുപ്പോവുകയായിരുന്നു.
ചരല്‍ വാരിയെറിയുന്നത്‌ പോലെ വന്ന മറ്റൊരു പെരുമഴയുടെ മുഴക്കത്തിനിടയില്‍ ആരോ വിളിച്ചു പറയുതുകേട്ടു.
പ്‌രാ....ന്തന്‍, പ.....മ്പ.....ര..വിഡ്ഢി
അല്ല, ഭ്രാന്തനൊന്നുമല്ല. അയാള്‍ ഒരു കോടീശ്വരന്‍..........മണ്ണിന്റെ മണമുള്ള നന്മനിറഞ്ഞവന്‍....സ്വയം ജീവിക്കാന്‍ മറന്നുപോയവന്‍....മണ്ണില്‍ നിന്നും വന്ന്‌ മണ്ണിലേക്ക്‌ തിരിച്ചുപോകുന്നവന്‍...! ഞാന്‍ അറിയാതെ പറഞ്ഞുപോയി.
എന്തെന്നറിയില്ല....കലുഷമായയ എന്റെ വിചാരങ്ങളില്‍ ഒരു പേമാരി തകര്‍ത്തു പെയ്യാന്‍ തുടങ്ങി കഴിഞ്ഞിരുന്നു.



up
0
dowm

രചിച്ചത്:റീജ പനക്കാട്‌
തീയതി:14-12-2010 12:02:21 PM
Added by :bugsbunny
വീക്ഷണം:170
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :