അമ്മയുടെ കാത്തിരുപ്പ്
ഓലപ്പുരയില്‍ കളിമണ്ണ് തേച്ചൊരാ
ഉമ്മറക്കോലായില്‍ അമ്മയിരിക്കുന്നു
അമ്മതന്‍ നയനത്തില്‍ ഉതിരുന്നു കണ്ണുനീര്‍
നഷ്ടസ്വപ്നത്തിന്‍റെ വേലിയേറ്റം
നരവീണ മുടിയിലെന്‍ വിരലിന്‍റെ സ്പര്‍ശനം
ആ മാതൃഹൃദയം കൊതിക്കുന്ന വേളയില്‍
ഉദരം നിറയ്ക്കാന്‍ ഉഴറുന്ന ഞാനിന്ന്
മരുവിന്‍റെ മാറത്തെ താപം ചുമക്കുന്നു
നാട്ടു വഴിയും തണലേകും ഈറയും
സ്വപ്നത്തിലിന്നു കുളിരായി മാറുന്നു
കാറ്റില്‍ മണലു മറയ്ക്കുന്നു കാഴ്ചകള്‍
അഷ്ടദിക്കുമിന്നന്യമായിത്തീരുന്നു
അമ്മതന്‍ കണ്ണിലെ ബാഷ്പബിന്ദുക്കളില്‍
ബിംബങ്ങളാകുന്നു എന്‍ ബാല്യകാലങ്ങള്‍
പുത്ര വിയോഗത്താല്‍ അമ്മ വിതുമ്പുന്നു
ആഴികള്‍ക്കിക്കരെ അഴലുന്നു പുത്രനും
ഉരുകുന്ന വെയിലിലും തളരാതെ നില്‍ക്കുന്നു
അമ്മതന്‍ ഓര്‍മ്മകള്‍ പുണ്യങ്ങളായ്
ചുടരൊളിയായിന്ന് ഉള്ളില്‍ പടരുന്നു
അന്തമില്ലാത്തൊരാ സ്നേഹ വായ്പ്
ചിമ്മിനി വെട്ടത്ത് കാത്തിരിക്കുന്നമ്മ
കാതോര്‍ത്തിരിക്കുന്നു ഒരുവിളി കേള്‍ക്കുവാന്‍
നോക്കെത്താ ദൂരത്ത് കണ്ണുനടുന്നമ്മ
നിശയില്‍ നിശബ്ദമായി തേങ്ങിക്കരയുന്നു
ശബ്ധമില്ലാതെയാ ചുണ്ടുമന്ത്രിക്കുന്നു
മകനേ വരിക നീ മിന്നലായെങ്കിലും
ഒടുവില്‍ ഞാനെത്തുന്നു ആ പുണ്യപാദത്തില്‍
ശുഷ്കിച്ച കൈയെന്‍ ശിരസില്‍ തലോടുന്നു
പക്ഷം വിടര്‍ത്തി പറന്നകലുന്നമ്മ
സാബ്രാണിത്തിരിയുടെ ഗന്ധം പരക്കുന്നു
ഈറനായി വന്നു തളരുന്ന കൈയ്യുമായി
കര്‍മങ്ങള്‍ ചെയ്തിന്നു പൊട്ടിക്കരയവേ
പൊയ്പ്പോയകാലം തിരയായടിക്കുന്നു
അമ്മയോ ശാന്തസമുദ്രമായി മാറുന്നു
ഒരു കൊള്ളികൊണ്ടെന്‍ നിയോഗം നടത്തവേ
ആളുന്ന ധൂമത്തില്‍ ഒടുവിലാഭസ്മത്തില്‍
ഉയരുന്നു പുകഴ്വകള്‍തന്‍ ശാന്തശബ്ദം
""ജനികൊണ്ടിന്നു നീയീകൊള്ളിവച്ചത്
ഗര്‍ഭപാത്രത്തിന്‍ പകരമാം കര്‍മ്മമോ...?""
ഈ ചോദ്യമുനയിലെന്‍ കരളുമുറിയുന്നു
അലറുന്നു അറിവില്ലാപ്പൈതലായി
അലയുന്നു ക്ഷോണിയില്‍ ഭ്രാന്തനായി ............!!!!!!!!!!!!!
Not connected : |