മഴച്ചിത്രങ്ങള്‍ കൊണ്ടൊരു കൊളാഷ്. - തത്ത്വചിന്തകവിതകള്‍

മഴച്ചിത്രങ്ങള്‍ കൊണ്ടൊരു കൊളാഷ്. 

നീ, ഞാന്‍ നനയേണ്ടിയിരുന്ന മഴ!
തിരിച്ചുപൊങ്ങാനാകാതെ
മറ്റൊരിറയത്ത് ചതഞ്ഞു പെയ്യുന്ന
കണ്ണീര്‍മഴ!

നീ, എന്നിലേക്കൊഴുകേണ്ട പുഴ!
തിരിച്ചൊഴുകാനാകാതെ,
പിന്നിപ്പിടഞ്ഞൊഴുക്കുവഴിയില്‍
ഒരണക്കെട്ടില്‍ വട്ടം തിരിഞ്ഞ്
ആസൂത്രണത്തിന്റെ ശുദ്ധീകരണക്കുഴലിലൂടെ
മറ്റൊരടുക്കളയിലിറ്റിത്തീരുന്ന
വിയര്‍‌പ്പുമഴ!

പകലു വാറ്റിക്കുറുക്കിയ ലഹരിയില്‍
ഇരുട്ടുചെത്തിമിനുക്കിയയിറകളില്‍
നിലാച്ചൂട്ടു മിന്നിപ്പിന്നിച്ചാറുന്ന
എന്നെ നനഞ്ഞൊരുടല്‍ത്താപം,
ഇന്നൊരു കാത്തിരിപ്പിന്റെ നൂല്‍മഴ.
"നിനക്ക് നിറച്ചുണ്ണാം
തിരിച്ചുവരവിലെനിക്കുമൊരു കിഴി"
പടിഞ്ഞാറെ പാതിരാക്കുന്നിലേക്ക്
കണ്ണീര്‍‌ച്ചാലിലൂടൊഴുക്കിവിട്ട്
കാഞ്ഞ വെള്ളത്തിന്റെ വേവ് നോക്കുന്ന
കനല്‍മഴ!

മറുമഴ നനഞ്ഞങ്ങാടി വാണിഭം
മറുമൊഴി നനഞ്ഞവളുടെ മണ്‍തടം
മഴയുരുക്കിക്കുറുക്കിയ കിണറിടം
കഴുകിയുരച്ചു പൊലിച്ചതും
മറന്നുപോയൊരു മഴക്കഥ.
മഴച്ചിത്രങ്ങള്‍ കൊണ്ടൊരു കൊളാഷ്.


up
0
dowm

രചിച്ചത്:Ranjith chemmad
തീയതി:24-12-2010 04:44:11 PM
Added by :Rajesh
വീക്ഷണം:192
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :