കല്ലുകൊണ്ടറിയുക.... - തത്ത്വചിന്തകവിതകള്‍

കല്ലുകൊണ്ടറിയുക.... 

കല്ലെറിയുന്നതെന്തിനെന്നറിയണം
കല്ലുകൊണ്ടറിഞ്ഞീടണമൊക്കെയും
കല്ലുകണ്ടറിഞ്ഞീടണം വജ്രവും
കല്ലുതന്നെ ! മറക്കാതിരിക്കണം
കല്ലുവീടിന്നടിത്തറയാണടി-
ക്കല്ലുമാന്തുന്നനേരത്തതോർക്കണം
തെല്ലുമലിവു കാട്ടാത്തോന്റ്റെ മാനസം
കല്ലുപോലെന്നു പണ്ടേ പറഞ്ഞുനാം
കല്ലിനാലാണ് പ്രാചീന മാനവൻ
മല്ലിനായ് ആയുധങ്ങൾ പണിഞ്ഞതും
വന്യജീവിയെക്കൊന്നതും തിന്നതും
വഹ്നിയെസ്വന്തമാക്കി ജയിച്ചതും
കല്ലുകൊത്തിഅരകല്ല് തീർത്തതും
കല്ലിനാൽ ചാരുശില്പ്പംചമച്ചതും ....
പെരുമഴയ്ക്കുരുള് പൊട്ടി മർത്യന്റ്റെ മേല്
പ്രകൃതി താണ്ഡവമാടുന്നു കല്ലിനാൽ
കൊടിയൊരാഴിത്തിരയെ തടുക്കുവാൻ
കടലിനോരത്തടുക്കുന്നുകല്ലുകൾ....
പാപചെയ്തിയൊരിക്കലും ചെയ്യാത്തോർ
പാപിനിയെ എറിയുക കല്ലിനാ -
ലെന്നു ചൊന്നവൻ ക്രൂശിതനായതും
പിന്നെ മൂന്നാംദിനത്തിലുയിർത്തതും
പിന്നെയുമെത്ര യൂദാസുകൽ പിറ -
ന്നന്യനെ കല്ലെറിഞ്ഞു രസിപ്പതും..... .
കല്ലുമോളിലെത്തിച്ചിട്ടുതാഴേയ്ക്ക്
തള്ളിയിട്ടുകൈകൊട്ടിച്ചിരിച്ചവൻ
ഭ്രാന്തനെന്നുസ്വയംപേരുനല്കിസം -
ഭ്രാന്തരാക്കിയീപാവംമനുഷ്യരെ...
കല്ലുമുങ്ങിയെടുത്തു കീഴാളന്
കണ്ടുകൈതൊഴാൻ ദൈവത്തെ നീട്ടിയോൻ
എകജാതിമതമേകദൈവമാ -
ണേറ്റവും നന്ന് മർത്യനെന്നോതിയോൻ
കല്പ്രതിമകളായ് പാതവക്കിലെ
കാകവിശ്രമസ്ഥാനമാകുന്നതും....
മുല്ലമാലച്ചിരിയുമായ് മന്നവൻ
മുന്നിലക്രമത്തേരേറിയെത്തവേ
കണ്ടറിഞ്ഞു സഹികെട്ടയൗവ്വനം
കല്ലുകൊണ്ടെതിരേല്പ്പുനല്കുന്നിതാ ....
അന്യദേശത്തു തെറ്റുചെയ്താൽ ബലി -
ക്കല്ലിലാണവസാനമതോർക്കുക .....
കണ്ടതുംകേട്ടതുമിക്കവിയുടെ
കണ്ഠമിടറികവിതയായ്‌ പെയ്യവേ
കല്ലുപോല് സത്യമുള്ളിലുറയ്ക്കുകില്
കല്ലെറിയാതിവനെവിട്ടേക്കുക ....


up
0
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:16-01-2014 11:20:53 PM
Added by :vtsadanandan
വീക്ഷണം:257
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :