സുന്ദരിമുത്തശ്ശിമാര്‍ (കവിത) - തത്ത്വചിന്തകവിതകള്‍

സുന്ദരിമുത്തശ്ശിമാര്‍ (കവിത) 

സുന്ദരിയാറ്ന്നു ഞാനെന്നു മുത്തശ്ശി
ഗദ്ഗദച്ചുണ്ണാമ്പു തേമ്പി വെറ്റയില്‍
നാലു ചേര്‍ത്തരപ്പിന്നൊടുവിലെ
ചെംചോര്‍ച്ചയിലൂടൊരു കഥ കിനിയവേ,
ചതുര്‍ഭേദ ഋതുക്കാവലാളതിരിട്ട,
മുഖച്ചാലിലൂടൊരു ശീലൊഴുകവേ
കഥമഴ നനഞ്ഞാമടിത്തീരഭൂമിയില്‍
മുഖമണച്ചലിഞ്ഞമര്‍ന്നു പൈതങ്ങള്‍.

അതൊരുകാലമെന്‍ മുത്തശ്ശിയിറയത്ത്
പേന്‍‌വേട്ടയാടുന്ന കാലം!
പൂമുഖത്താഴ്വാരപ്പൊടിമണ്‍തുരുത്തിലായ്
കുഴിയാന മരുവുന്ന കാലം!
മുറ്റത്തടുപ്പില്‍ പുഴുങ്ങുന്ന നെല്ലിനായ്
ചപ്പില കത്തിച്ച കാലം!
തട്ടിന്‍പുറപ്പാതിയിലനാദിയായ്
വന്‍‌ചിതല്‍ മേയുന്ന കാലം!


സുന്ദരിയാണുഞാനെന്നയല്‍ ഫ്ലാറ്റു മുത്തശ്ശി
സിലിക്കണ്‍ ചുരത്തുന്നു മുലകളില്‍
വേദന തിന്നൊരു സറ്ജ്ജറിയാമുഖം
ചണകമെഴുതു മിനുക്കീ!
വെണ്മതന്‍ ബാക്കിയും തട്ടിത്തെറിപ്പിച്ചു
പോര്‍സിലില്‍ വശ്യം ചിരിച്ചൂ!
കഥകളും പാട്ടുംചുരത്താതെയീ മുത്തി
പാര്‍ക്കിലും ഹാളിലും മേഞ്ഞൂ!
മടിത്തീരത്തണലന്യയായ് പിഞ്ചുകള്‍
സൈബര്‍ വനങ്ങളില്‍ മേഞ്ഞൂ.

ഇതുമൊരുകാലമെന്‍ കാവിനെ മുറ്റത്ത്
ബോണ്‍സായിയാക്കിയ കാലം!
നൂറുപാല്‍ നോറ്റുണ്ട ചിത്രകൂടത്തി-
നുഷ്ണവാതമേല്‍ക്കുന്ന കാലം!
വലമെനഞ്ഞിണഭോഗ ഭോജ്യത്തിനുത്തരം
സംതൃപ്തമാകുന്ന കാലം!
ഇതുമാലിന്യ കാലമവന്റെയവശിഷ്ട-
മെന്‍ ചുമരിലൂടൊഴുകുന്ന കാലം.


up
0
dowm

രചിച്ചത്:Ranjith chemmad
തീയതി:24-12-2010 04:59:40 PM
Added by :Sanju
വീക്ഷണം:138
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :