ഞാനെങ്ങനെ കുത്തുകേസില്‍ പെട്ടു - തത്ത്വചിന്തകവിതകള്‍

ഞാനെങ്ങനെ കുത്തുകേസില്‍ പെട്ടു 

എട്ടു വര്‍ഷം മുന്‍പ്‌ അവരെന്നെ ഇക്കരയ്ക്കെടുത്തിടുമ്പോള്‍
‍ആറേഴ്‌ കുത്ത്കേസ്‌- അതില്‍ മൂന്നെണ്ണം കൊലയായി മാറിയെന്ന്‌ പിന്നീടണറിഞ്ഞത്‌-
പിന്നെ വെട്ടിനിരത്തല്‍, ഗൂഡാലോചന,
ആള്‍മാറാട്ടം, പീഡനം, സംഘം ചേര്‍ന്നുള്ള ഭീഷണി തുടങ്ങി
ഇനിയൊന്നുമുണ്ടായിരുന്നില്ലഎന്നിലാരോപിതമാകാന്‍....
ആരോപണങ്ങളെല്ലാം ഒരളവില്‍ ശരിയുമായിരുന്നു.
പക്ഷേ അതിനു തക്കതായ കാരണവുമുണ്ടായിരുന്നു.
ഞാന്‍ തന്നെ പറയാം..........
വയല്‍ സംരക്ഷണ പ്രകടനങ്ങളും കാര്‍ഷിക വികസനയത്നങ്ങളും
കൊടുമ്പിരി കൊള്ളുന്ന കാലം
ചേനക്കിടയില്‍ ആടു വളര്‍ത്തുന്നവരുടെയും
വാഴയ്ക്കിടയില്‍ പയറു കുത്തുന്നവരുടെയും ഹരിതവിപ്ളവകാലം...
ചാനലുകള്‍ കാര്‍ഷിക വൃത്തിയിലൂടെ പതിനയിരങ്ങള്‍ സ്വരുക്കൂട്ടുന്നതിണ്റ്റെ
തല്‍സമയനുംഎപ്പിസോഡുകളും പകര്‍ത്തുന്ന കാലം....
ആയിടയ്ക്കാണ്‌ കൃഷിഭവനില്‍ റേഷന്‍ കാര്‍ഡ്‌ കാട്ടിക്കൊടുത്താല്‍
വാഴക്കന്ന് കൂട്ടിക്കൊടുക്കുന്നുണ്ടെന്നറിഞ്ഞത്‌ .
ചേതമില്ലാത്ത കാര്യമല്ലേ വാഴ നടാം എന്ന ആശയം ഉടലെടുത്തത്‌ അങ്ങനെയാണെന്ന് പറയാം
താഴത്തെക്കണ്ടത്തില്‍ പുല്ല്ല് നിറഞ്ഞ്‌ വെറുതേ കിടക്കുന്നുമുണ്ടായിരുന്നു.
നട്ടെന്നു പറയേണ്ടല്ലോ വാഴ വല്ല വാശിയും തീര്‍ക്കണപോലങ്ങ്‌
പടപടാന്നു വലുതായി.
വാഴയ്ക്കറിയില്ലല്ലോ കാറ്റടിക്കുമെന്നും മഴ പെയ്യുമെന്നൊന്നും
ഒടുവിലതു സംഭവിച്ചു.
ഒരു തുലാമാസത്തിലെ ദുര്‍ബല നിമിഷത്തില്‍
ഒരുപാടു വാഴകുമാരിമാര്‍ ആനമയക്കിയടിച്ചവരെപ്പോലെ തലകറങ്ങി,
വാളുവെച്ചു വീണു. അടുത്തെങ്ങും എഴുന്നേല്‍ക്കനാവുമെന്ന പ്രതീക്ഷപോലും ബാക്കിവെക്കാതെ...
പിന്നെ എല്ലാവരും ചെയ്യുന്നതേ ഞാനും ചെയ്തുള്ളൂ
അനിയത്തിയുടെ കല്ല്യാണത്തിന്‌ പന്തലിടാന്‍ കൊണ്ടു വന്ന മുളങ്കാലെടുത്ത്‌
മീശ വെട്ടുന്ന കത്രികപോലെ കെട്ടിയുണ്ടാക്കി
വാഴയെ താങ്ങി നിര്‍ത്തി.
മിച്ചം നിന്ന വാഴകള്‍ക്കെല്ലാം ശ്രമകരമായ ഈ ദുരിതാസ്വാസ പ്രവര്‍ത്തനം നടത്തേണ്ടിയും വന്നു.
ക്ളാസെടുക്കാന്‍ പോകാറുള്ള പാരലല്‍ കോളേജില്‍ രണ്ടു ദിവസം പോകാന്‍ കഴിഞ്ഞില്ല
എന്നത്‌ ഒരു വാസ്തവം ആണ്‌
വീടിനുമുന്നിലൂടെ കോളെജില്‍ പോയിരുന്ന
വിവരദോഷിയായ ഏതോ ഒരു കുട്ടിയാണു ഈ കുത്ത്‌ കേസ്‌ പാട്ടാക്കിയത്‌...
ആ സമയത്തുതന്നെ ഞാന്‍ ദുബായിലെത്തിയതിനല്‍
കൊല കാണാനുള്ള ഭാഗ്യമുണ്ടായില്ല.
കുത്തു കൊടുത്ത വാഴകളില്‍ കുറച്ചെണ്ണം കുത്തില്‍ പിടിച്ചു നിവര്‍ന്നു നിന്നെന്നും
അതില്‍ പിന്നെ 'കൊല' വന്നെന്നും പിന്നെ കത്തിലൂടെയാണറിഞ്ഞത്‌
പിന്നെ കോളേജ്‌ മാഗസിന്‍ എഡിറ്റര്‍ ആയിരുന്ന സമയത്ത്‌
അപ്രിയമായ കവിതകളും കഥകളും വെട്ടിനിരത്തിയെന്നും
എഡിറ്റോറിയല്‍ ബോര്‍ഡില്‍ തല്‍പ്പരകക്ഷികളെ ചേര്‍ക്കാന്‍ ഗൂഢാലോചന നടത്തിയെന്നും
താല്‍പ്പര്യമുള്ള പെണ്‍കുട്ടികളുടെ പേരില്‍ സ്വയം കവിതയെഴുതി മാഗസിനില്‍ പ്രസിദ്ദീകരിച്ച്‌
ആള്‍മാറാട്ടം നടത്തിയെന്നും മാഗസിനില്‍ പരസ്യം തന്ന് പണം തരാത്തവരെ
മാനസികവും ശാരീരികവുമായി പീഡിപ്പിച്ചുവെന്നും ഒക്കെ എതിര്‍ ചേരിക്കാര്‍
വെറുതേ പറഞ്ഞുണ്ടാക്കിയതാണെന്ന് മാഗസിനിണ്റ്റെ പ്രസാധനത്തിന്‌ ശേഷം
സഹൃദയര്‍ മനസ്സിലാക്കി എന്നതു ആശ്വാസത്തിനുവക നല്‍കുകയും ചെയ്യുന്നു.


up
0
dowm

രചിച്ചത്:Ranjith chemmad
തീയതി:24-12-2010 05:03:57 PM
Added by :gj
വീക്ഷണം:130
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :