ഒരു എന്‍. ആര്‍. ഐ. കൊളാഷ് - തത്ത്വചിന്തകവിതകള്‍

ഒരു എന്‍. ആര്‍. ഐ. കൊളാഷ് 

ആശ്രയങ്ങളുടെ ആട്ടിന്‍‍പറ്റങ്ങളും
അദ്ധ്വാനത്തിന്റെ ഇളം തളിരുകളും
ജൈവ ചാക്രികത്തില്‍
സമരസപ്പെടാതാകുമ്പോള്‍
ഒരു പ്രവാസി ജനിക്കുന്നു, അല്ലാതെയും...
പിന്നെ,
നാട് ഒരു ഞാറ്റുപാട്ടുപോലെ
കട്ട വിണ്ട വയലുകള്‍ക്കിടയിലേയ്ക്ക്
അമര്‍ന്ന് അമര്‍ന്ന്...
പ്രവാസിയുടെ മുറി
മണലുകളില്‍ നനവു തേടുന്ന
മണ്ണിരകളുടെ മണല്‍‌പ്പുറ്റുകള്‍
‍പാതിയടഞ്ഞ അടരുകളിള്‍
‍അലക്കിത്തേച്ച നെടുവീര്‍പ്പുകള്‍
‍കാലഗണിതങ്ങളുടെ കട്ടില്‍‌പ്പുറങ്ങളിള്‍
‍പുതച്ചുറങ്ങുന്നതു വെറും സെല്ലുലാര്‍ സ്വപ്‌നങ്ങള്‍
സ്വപ്‌നം,
പുഴയിലുതിരാനിട്ട ചന്ദ്രക്കലപോലെ
ഓളത്തിലലഞ്ഞലഞ്ഞ്
ഒടുവിലൊരു മീനിളക്കത്തിലലിഞ്ഞലിഞ്ഞ്..
ഉണരുമ്പോള്‍ ‍സ്റ്റാമ്പ് പതിപ്പിച്ച വാറോലകള്‍കത്തിച്ച്
തീ കായാം
പിന്നെ ഒരു കളിത്തോണിയുണ്ടാക്കി
ആഗ്രഹങ്ങളുടെ കടല്‍ കടത്താം
ഇടവേളകളുടെ വാല്‍ക്കണ്ണാടിയിലൂടെ
നോക്കുമ്പോള്‍,
അതൊരു പൂത്തുലഞ്ഞ നാട്ടുപെണ്ണ്
നാട്ടിനൊരു കൊയ്ത്തുപാട്ടിന്റെ ഈണം
മയക്കിയ മണ്‍ചട്ടിയുടെ ഗന്ധം
ഒടുവിലൊരു നാള്‍ കയത്തില്‍ നിന്ന്
കാലത്തിലേയ്ക്ക് നച്ചൊരു
യാത്രാന്ദ്യത്തില്‍ കണ്ട പകര്‍ന്നാട്ടം,
വീട് : തരംഗ സ്വീകരണികളുടെ
ആകെത്തുക.
അച്ചന്‍ : മരുന്നുപുരട്ടിയ ഒരു ചാരുകസേര
മൈക്രോവേവ് തരംഗ വാഹകയായമ്മ
റിമോട്‌കണ്‍ട്രോളിലൊരുസീല്‍ക്കാരമായനിയന്‍
ഒരു ഡയല്‍‌ടോണിലലിഞ്ഞലിഞ്ഞരുമയാമനിയത്തി
എന്റെ പുഴ,
വരിയുടഞ്ഞ കിളവന്‍ കാളയെപ്പോലെ
നിസ്സം‌ഗനായയവെട്ടിക്കിടക്കുന്നു.
കാട് : ചിറക് വെട്ടിയ, കരിമ്പോല തിന്നാത്ത
ഒരു നരച്ച ചീട്ടു തത്ത,
ചുണ്‍ടുകളില്‍ പുകയിലക്കറ
നിയോഗങ്ങളുടെ ചീട്ടു കെട്ടുകളില്‍ നിന്ന്
കാലഗണിതങ്ങളുടെ ഉത്തരക്രിയകള്‍ക്കൊടുവില്‍
കാറ്റ് പിടിച്ചൊരു ജന്മത്തെ
കടലെടുത്തക്കരെക്കിടുന്നു....
വീണ്ടും.......


up
0
dowm

രചിച്ചത്:Ranjith chemmad
തീയതി:24-12-2010 05:04:43 PM
Added by :gj
വീക്ഷണം:101
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :