കാരറ്റ് തിന്നുന്നവര്‍
വരാന്‍ വൈകുന്ന ഭക്ഷണത്തിന്
കാത്തു മടുത്ത്
വിശന്ന്
ഒരു വലിയ പാര്‍ക്കിലിരിക്കുന്ന
നാലു പേര്‍ക്ക്
ഏതൊക്കെ കാര്യങ്ങളെ കുറിച്ച് ചര്‍ച്ച തുടരാനാകും
മൊബൈല്‍ ഫോണുകളില്‍
തെരുപ്പിടിപ്പിച്ച
അലക്‍ഷ്യമായ
കൈവിരലുകളാലാവും
എന്തൊക്കെയായാലും
അവര്‍ തുടങ്ങുക
ഭക്ഷണവുമായി
ആളുകള്‍ വരികയും
ആളുകളുമായി
വന്ന് ഭോജ്യങ്ങള്‍ വച്ചു കഴിക്കുകയും ചെയ്യുന്ന
ഒരുപാട്
കൂട്ടു കുടുംബങ്ങള്‍ക്കിടയില്‍
അവര്‍ വിഷപ്പിനെക്കുറിച്ച് എന്ത് പറഞ്ഞാലും
നാലഭിപ്രായങ്ങളും
ഐക കണ്ഠ്യേന കൈകോര്‍ത്ത് പിടിക്കും
ഒരിക്കലും കണ്ടുമുട്ടാത്ത
രണ്ടു ധ്രുവങ്ങള്‍ക്കിടയിലെ പാലമാണു ഭക്ഷണം
എന്നൊരാള്‍ പറയുമ്പോള്‍
തൊട്ടടുത്ത് കഴിഞ്ഞിട്ടും
പാല്‍ പരസ്പരം കൈമാറാത്ത
രണ്ടു മുലകളെപ്പറ്റി
അവരിലിളയവന്‍ ആലോചിക്കുന്നേരം
ഏതു കാത്തിരിപ്പിനേക്കാളും
ദീര്‍ഘമാണ്
തീന്‍ വിളികാത്തുള്ള ഇരിപ്പെന്ന്
മൂന്നാമന്‍ ഇടപെടും
അടുത്തുള്ള
ബാര്‍ബിക്യൂവില്‍ വേവുന്ന ഇറച്ചിമണം
പിടിച്ചു കൊണ്ട്
നാട്ടിലയച്ച ഭാര്യയേയും കുട്ടികളേയും ഓര്‍ക്കാം
നാലാമത്തെയാള്‍ക്ക്
തീറ്റ കഴിഞ്ഞ് വിശ്രമിക്കുന്ന
മീങ്കണ്ണുകളില്‍
ഇരയിടാം
പല ദിക്കുകളിലേക്ക്
മിസ്ഡ് കാളുകള്‍ വിട്ടുകൊണ്ട്
അവരിലെ അവിവാഹിതന്
ഒന്നിനു പിന്നാലെ ഒന്നായി
അടക്കിത്തുടങ്ങേണ്ട വിശപ്പുകളാണ്
കീപാഡില്‍ തൊട്ടുതൊട്ട്
കൂട്ടത്തില്‍ ഇളയവനായ
അവന്‍ കൂട്ടുന്നതെന്നൂഹിക്കാം
അവരെ നിരീക്ഷിക്കുന്ന ആര്‍ക്കും
ബലൂണ്‍ വേണമെന്ന്
ചിരിച്ച് കരയുന്ന കുട്ടിയേയും
അവനെ വാശി പടിപ്പിക്കുന്ന അറബിയെയും
വച്ച്
കുട്ടികളെ വളര്‍ത്തേണ്ടതെങ്ങനെ
എന്ന് ക്ലാസ്സെടുക്കാം അവരിലൊരാള്‍ക്ക്
വിഷപ്പ് കാരണം അതൊരു നല്ല ക്ലാസ്സാവില്ലെങ്കിലും
പാര്‍ക്കില്‍ മയക്കത്തിലേക്കു വിളിക്കുന്ന
ഉച്ചക്കത്തെ
ചെറുചൂടു കാറ്റുണ്ട്
അതില്‍ വെന്തു വിങ്ങുകയാണല്ലോ
വിശപ്പും
എന്നവര്‍ ആത്മ വിചാരം കൊള്ളുമ്പോഴേക്കും
സലാഡിനു കരുതിയ കാരറ്റ്
തിന്നാന്‍ തുടങ്ങുമന്നേരം
രാവിലെ ഒനും കഴിച്ചിട്ടില്ല എന്ന്
നേരത്തേ പറഞ്ഞു കൊണ്ടിരുന്നയാള്‍
എന്നാല്‍
ഭക്ഷണം തയ്യറാക്കി ഫ്ലാറ്റില്‍ നിന്ന് പോന്ന്
പച്ചകത്തുന്നതും നോക്കി
ട്രാഫിക്ക് ജാമില്‍ വിശപ്പടക്കിപ്പിടിക്കുന്ന
രണ്ട് ചങ്ങാതിമാരും
അവരുടെ ഭാര്യമാരും അത്രയും നേരം
ഏതു കാര്യത്തെ കുറിച്ചാവും ഒന്നും മിണ്ടാതിരുന്നിരിക്കുക
പാര്‍ക്കില്‍ തങ്ങളെ കുറിച്ച്
നടക്കാനിടയുള്ള
ചര്‍ച്ചയുടെ
വിശദാംശങ്ങള്‍ ആലോചിച്ച്
അവരുടെ
വിശപ്പ് തന്നെ കെട്ടിരിക്കും
തങ്ങളെ കുറിച്ചുള്ള
ഒരു സെമിനാറിലേക്ക്
ചെന്ന് ചേരണോ എന്ന് വിഷമിച്ച്
അവരെത്തുമ്പോള്‍
കാരറ്റ് മുഴുവന്‍ തിന്നു തീര്‍ന്നു കാണും
തങ്ങളെക്കുറിച്ചുള്ള ഒരു കവിതയില്‍
വെന്തുകൊണ്ടിരിക്കുന്നതിന്റെ കൂടിയാണ്
ഈ ഉഷ്ണമെന്ന്
അവരിലാരെങ്കിലും മനസ്സിലാക്കിക്കാണുമൊ?
Not connected : |