ഒരു മുത്തശ്ശിക്കഥ
നേരം വറ്റിയ നേരത്തിപ്പോളാരു വിളിക്കുന്നൂ
പാരം പരിചിതശബ്ദം കാതില്‍ മെല്ലെപ്പതിയുന്നൂ.
പെരുമഴയേന്തും മേഘക്കീറുകളലറി വിളിക്കുന്നോ
ചീറിയടിക്കും കാറ്റിന്‍ നാവുകളുഴറിപ്പാടുന്നോ
കലപിലകൂട്ടും കിളികുലമണികള്‍ പാറിപ്പോകുന്നോ
വെട്ടം മങ്ങും മങ്ങൂഴത്തിരി വറ്റിത്താഴുന്നോ
കൂരിരുട്ടിന്‍ കമ്പിളിയൊന്നീയുലകിനെ മൂടുന്നോ
ആകാശത്തെരുവീഥിയിലെങ്ങോ പൊട്ടനുദിച്ചെന്നോ
കണ്ണുകളില്‍ത്തിരി കത്തിയമര്‍ന്നൊരു മുത്തശ്ശിക്കെല്ലാം
കാണാക്കാഴ്ചകളെങ്കിലുമുള്ളില്‍ കാണാറാകുന്നൂ
കേള്‍വിയടഞ്ഞ പഴങ്കാതുകളില്‍ തോടകള്‍ തൂങ്ങുന്നൂ
കേള്‍ക്കാമെപ്പൊഴുമുരുക്കഴിക്കും നാമജപം മാത്രം.
തളര്‍ന്നകാലുകള്‍ കുഴമ്പുകയ്യാലുഴിഞ്ഞിരിക്കുന്നു
കുരുന്നുകാലുകളടുത്തുവന്നാലെടുത്തിരുത്തുന്നു
കുഞ്ഞിക്കാതില്‍ക്കഥയുടെ ചിന്തുകള്‍ കൊഴിച്ചു നല്‍കുന്നൂ
പാട്ടുകള്‍ കവിതകള്‍ പഴമ്പുരാണം മധുരമിയറ്റുന്നൂ
കുഞ്ഞിക്കാലുകള്‍ പയ്യെപ്പയ്യെ വളര്‍ന്നുമറയുന്നൂ
മുത്തശ്ശിക്കിന്നറിയാക്കഥകള്‍ മന്നില്‍ രചിക്കാനായ്.
ഒറ്റക്കെങ്കിലുമോര്‍മ്മകള്‍ ചിക്കിച്ചക്കര നുണയുന്നൂ
അറിയാതുള്ളില്‍പ്പഴയൊരു തംബുരുവുണര്‍ന്നു മീളുന്നൂ
നിനവുകളുള്ളില്‍ നുരഞ്ഞുപൊന്തിക്കവിതകളുതിരുന്നൂ
കുഴിച്ചുമൂടിയ കാലക്കതിരുകളെഴുന്നു നില്‍ക്കുന്നൂ
ഓര്‍മ്മക്കൂടുകളൊന്നൊന്നായിത്തുറന്നു നോക്കുന്നു
പലപല വര്‍ണ്ണം പലപല ഗന്ധമതുള്ളില്‍ നിറയുന്നൂ
കാല്‍പ്പെട്ടിയിലെക്കൈതപ്പൂവും മുക്കുറ്റിച്ചാന്തും
കാലം കുറുകിയ കണ്‍മഷിയും നല്‍ച്ചന്ദനച്ചെപ്പും.
ദീപ്തസ്മരണകള്‍ കവിളില്‍ക്കുങ്കുമരേണു പടര്‍ത്തുന്നൂ
പീളയടിഞ്ഞൊരു കണ്‍കോണുകളില്‍ രാഗം വിടരുന്നൂ
നവതികടന്നൊരു മുത്തശ്ശിക്കും മുഗ്ദതയോലുന്നു
നവോഢയാമൊരു ഗ്രാമപ്പെണ്‍കൊടിയുള്ളിലുണരുന്നൂ.
പൗരുഷമേറും മുഖമൊന്നുള്ളില്‍ തിരയില്‍ത്തെളിയുന്നൂ
ഘനഗംഭീരം ശബ്ദമതിന്നും കാതില്‍ മുഴങ്ങുന്നൂ
ദൂരെയിരുന്നാക്കൈകള്‍ വീണ്ടും മാടിവിളിക്കുന്നോ
ദൂരത്തല്ലാക്കരളിനുള്ളില്‍ക്കൊരുത്തു നില്‍ക്കുന്നൂ.
ചുളിവുകളേറിയ കവിളില്‍ വീണ്ടും ചുവപ്പു പടരുന്നൂ
തിമിരം മുറ്റിയ കണ്‍കളിലൊരുനവകാന്തി പരക്കുന്നൂ.
നേരം വൈകിയനേരത്തിപ്പോളാരു വിളിക്കുന്നൂ
ചാരിയ വാതില്‍പ്പാളികളെങ്ങിനെ തുറന്നിരിക്കുന്നൂ
മുത്തശ്ശന്നുടെ വെറ്റിലമണമാ മുറിയില്‍ നിറയുന്നൂ
മെതിയടിശബ്ദം ചാരത്തെത്തി നിലച്ചു പോകുന്നൂ
പയ്യെപ്പയ്യെക്കണ്‍പീലികളെത്തഴുകിയടക്കുന്നോ
മകരക്കാറ്റോ മങ്ങൂഴത്തിലെ മറയും നിഴലുകളോ
സുഖദം ഹൃത്തിന്നമ്പലനടയില്‍ മണികള്‍ മുഴങ്ങുന്നൂ
ചന്ദനഗന്ധം പൂശിയ തിരികള്‍ വിണ്ണില്‍ത്തെളിയുന്നു
ആരോ വീണ്ടും കൈകള്‍ക്കുള്ളില്‍ക്കൈകള്‍ കൊരുക്കുന്നൂ
ഒരു കനലൂതി വളര്‍ത്തീട്ടൊരുചെറു കുണ്ഡമൊരുക്കുന്നൂ
കൈകള്‍പിടിച്ചു നടത്തിച്ചുറ്റും വേളിയെയേല്‍ക്കുന്നൂ
ഗൃഹ്ണാഭിതേ യെങ്ങും മന്ത്ര ധ്വനികള്‍ മുഴങ്ങുന്നൂ
തിമിരം മുറ്റിയ കണ്ണുകളിപ്പോള്‍ തെളിഞ്ഞുകാണുന്നൂ.
മന്ത്രോച്ചാരണഘോഷം കാതില്‍ വ്യക്തതയേലുന്നൂ
തൊടികളിലെങ്ങോ കാലന്‍കോഴികള്‍ വിളിച്ചുകൂവുന്നു
നാഴികയെത്ര വിനാഴികയെത്ര, സമയം നിശ്ചലമായ്
ഇരുട്ടുമുറ്റിയ ചാവടിയറയി, ന്നനാഥമാകുന്നൂ
ഇരുണ്ടവാഹനമൊന്നതിലേറിക്കാലം മറയുന്നൂ.
Not connected : |