അകക്കാഴ്ച
ഒരു ദേശാടനത്തിനു തിരികൊളുത്തി
നേരുന്നു മംഗളം പൂവിനും പുൽനാമ്പിനും
തേരിലേറിയെന്നാത്മാവ് തേങ്ങുന്നു
മിഴി നിറഞ്ഞ പാഴ് സ്വപ്നങ്ങളെ നോക്കി
ചലിച്ചു തുടങ്ങിയെൻ രഥം പതുക്കെ
നഷ്ടദശാബ്ദങ്ങളെ പഴിച്ചു നിശബ്ദം
അശ്വങ്ങളില്ലാതെ സൂതനില്ലാതെ
യാത്രയാകുന്നു ശകടം വിദൂരം
വിട ചൊല്ലുവാനാവാതെ വിരഹം
കരിവിതറിയ വാനത്തെ പുൽകി
തളകൾ അണിയാത്ത അരുവിയെതഴുകി
വിലപിച്ച കാറ്റിനും ചുടുനിശ്വാസം
ഉരുളുന്നിതാവീണ്ടും ജീവിതരഥചക്രം
കാത്തുനില്ക്കുന്ന യുഗശൈലങ്ങൾക്ക് മീതെ
വസുധയുടെ പേറ്റുനോവുയരുന്നു
നിണമുറഞ്ഞ പൊക്കിൾകൊടിയെ ഞെരിക്കുന്നു
അമ്മതൻ മടിക്കുത്തുകളഴിക്കുന്നു
സംസ്കാരത്തിൻ വേരുകളറുക്കുന്നു
നിലയ്ക്കാത്ത കണ്ണുനീർകയങ്ങളിൽ തുടി-
കൊട്ടുന്ന പ്രാണൻറെ മുറവിളികളുയരുന്നു
അങ്ങകലെയായ് മർത്യൻ വിളറിവെളുത്ത
പാരമ്പര്യത്തിൻ തലപ്പാവു തുന്നുന്നു
ജരാനരകൾ വിഴുങ്ങിയ താഴ്വരകളിൽ
ചിതലരിച്ച ചിന്തകൾ പുറ്റുപോലുയരുന്നു
Not connected : |