കടലേറ്റം
റോഡരികില്‍
വടിവൊത്ത
മീന്‍ശരീരങ്ങള്‍ക്കു മുന്നില്‍ നിന്നു
വിലപേശുമ്പോള്‍
പൊടുന്നനെ
കടല്‍മണം വന്നു
ചുറ്റും പരക്കുന്നു
തിരകളായ്
അടര്‍ന്നടര്‍ന്നു പോകുന്ന
തൊലിയ്ക്കുളളി
ലുറങ്ങാതുറങ്ങു
മാഴക്കടലിന്റെ മണം
അപ്പോഴതാ
ജീവന്‍വച്ച മത്സ്യങ്ങള്‍
കടലാഴത്തിലെന്നവണ്ണം
വായുവിലൂടെ നീന്താന്‍ തുടങ്ങുന്നു
ഭീതിയോ നടുക്കമോ കലര്‍ന്ന്
അവയ്ക്കു പിറകേയോടുന്ന
മീന്‍കാരന്റെ കണ്ണുകള്‍
കടലിനടിയിലാണീ റോഡു
മതിനരികിലെ
മീന്‍കൂടാരവു
മപ്പുറത്തപ്പുറത്തെ
പഴക്കടയും
ഒന്നുമറിയാത്ത പോ
ലിതൊക്കെ നോക്കി
നില്‍ക്കുമെന്റെ
പുറത്തേയ്ക്കു വിടുന്ന
നിശ്വാസമല്ലോ
കുമിളകളായ് മുകളിലേക്കുയരുന്നത്
അവയെവിടെച്ചെന്നു
പൊട്ടുമവിടെയാണെന്റെ
വീടെന്നുമാത്രമിപ്പോളറിയാം.
Not connected : |