ജാതകം (കവിത)- അന്‍വര്‍ ഷാ ഉമയനല്ലൂര്‍
കവിത അന്‍വര്‍ ഷാ ഉമയനല്ലൂര്‍
ജാതകം
ജനനമീ ജന്മത്തിലാദ്യഭാഗം
ജനനിതന്‍ സാഫല്യപൂര്‍വ്വഭാഗം
നരകമോ നമ്മള്‍ക്കു പേടിസ്വപ്‌നം
നാകമീ ലോകത്തില്‍ ഭാഗ്യകാലം.
വറുതിയും വരുതിയിലാക്കിയോര്‍ നാം
നിറമാര്‍ന്ന സ്വപ്നങ്ങള്‍ കണ്ടിരിക്കെ
സ്നേഹത്തിന്‍ തേന്‍മലരൊക്കെവാടി
ത്യാഗത്തിനര്‍ത്ഥമിന്നേറെമാറി.
ജന്മംകൊടുത്തൂവളര്‍ത്തിയോരും
ജന്മിയാം മക്കള്‍ക്കു ഭാരമായി
സ്‌മരണീയമായതേയൊന്നുമില്ലാ-
തെന്നപോല്‍ ജീവിതം ബാക്കിയായി.
ഹൃദയത്തിന്‍ഭാഷ മറന്നുപോയോര്‍
സുകൃതക്ഷയത്തിന്‍ നിദാനമായി
കദനം നിറഞ്ഞവര്‍ ജീവിതത്തില്‍
ചരണംമുറിഞ്ഞ ഗാനങ്ങളായി.
സൗഭാഗ്യമേകും കൃപാരശ്‌മികള്‍
സദാകാലവും ചിലര്‍ക്കന്യമായി
പ്രേമസ്വരൂപനാമീശ്വരന്റെ
കരുണകാക്കുന്നവേഴാമ്പലായി.
നിറയും നയനങ്ങളില്‍ത്തെളിയും
പ്രത്യാശയില്‍ ദിനം തളളിനീക്കാന്‍
പൊളളുന്ന യാഥാര്‍ത്ഥ്യമവഗണിച്ചും
ഉളളിലേത്തീകെടുത്തുന്നു മര്‍ത്യര്‍.
സര്‍വ്വം സഹിക്കാതെയെന്തുചെയ്‌വൂ
കരിപുരണ്ടോര്‍മ്മയില്‍ ജീവിതങ്ങള്‍
കുരുതികഴിക്കുവാനായീടുമോ;
മണ്ണില്‍പ്പിറന്നുപോയെന്നതെറ്റില്‍?
Not connected : |