പെട്ടിക്കടക്കാരന്‍ - തത്ത്വചിന്തകവിതകള്‍

പെട്ടിക്കടക്കാരന്‍ 

മകളെ കെട്ടിയ്ക്കാന്‍
പെട്ടിക്കട തുടങ്ങിയയാള്‍
പെട്ടിക്കടയ്ക്കുളളില്‍
ത്തന്നെയൊടുങ്ങി

കോശങ്ങളഴുകുന്ന
ദുസ്സഹഗന്ധമാണ്
പെട്ടിക്കടക്കാരനെക്കുറിച്ച്
നാട്ടുകാരോടു പറഞ്ഞത്

മോളൊരുത്തന്റെ കൂടെ
ഒളിച്ചോടിപ്പോയെന്നുവച്ചീക്കടുംകൈ
ചെയ്യണമായിരുന്നോ?

അവളിങ്ങു വരുമായിരുന്നില്ലേ..
ഒക്കത്തൊരു
നിലാവുമേന്തി
ഒട്ടും പേടിയില്ലാതിരവു നീന്തി

പെട്ടിക്കട വിറ്റൊരാടിനെ
വാങ്ങിയിരുന്നെങ്കിലിപ്പോ
ളൊരു കൂട്ടമായ്
താഴ്വരയില്‍ പോകാമായിരുന്നു
അതിലൊന്നിനെയറുത്ത്
അന്നവള്‍ക്കു
വിരുന്നൊരുക്കാമായിരുന്നു

ചരിത്രത്തിലിങ്ങനെയൊക്കെയേ
ഇടം പിടിയ്ക്കാനാവൂ

ഇതൊന്നും
മനസ്സിലാക്കാതെ...


up
0
dowm

രചിച്ചത്:പി എ അനിഷ് സമയം
തീയതി:24-12-2010 05:55:26 PM
Added by :Sankari
വീക്ഷണം:119
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :