വാക്ക്  - തത്ത്വചിന്തകവിതകള്‍

വാക്ക്  

ഞാൻ വാക്ക് !
കുണ്ഡലിനിയുടെ തംബുരുവിൽ പ്രാണൻ ശ്രുതി ചേർത്തപ്പോൾ ഞാൻ ഉയിരാർന്നു
പിന്നെ , വിശപ്പിന്റെ സമത്വവും രാഗത്തിന്റെ ചുവപ്പും ആർദ്രതയുടെ നിറവും
ഏകതാനതയുടെ സ്പന്ദനവും നിറഞ്ഞ വഴികളിലൂടെ കാതങ്ങൾ പിന്നിട്ടു
അപ്പോൾ ഞാൻ സാർവ്വ്‌ ലൗകികമായിരുന്നു
സ്നേഹവും സാന്ത്വനവും ദയയുമായിരുന്നു
സൗന്ദര്യവും ഓംകാരവുമായിരുന്നു, ധർമ്മ ഗീതയുമായിരുന്നു
പിന്നെ
നിങ്ങളെന്നെ സംസാരത്തിന്റെ ഗുഹാമുഖത്ത്‌ തടഞ്ഞു
നാവാൽ തല്ലിയും തലോടിയും ഇച്ഛയ് ക്കൊത്തു പതം വരുത്തി
മാതൃത്വം മറന്ന താരാട്ടാക്കി
കാമത്തിന്റെ ജൽപ്പനങ്ങളാക്കി
യുദ്ധത്തിന്റെ കാഹളമാക്കി
വിപ്ലവത്തിന്റെ ഘോഷങ്ങളാക്കി
തീവ്രവാദ ത്തിന്റെ ആക്രോശങ്ങളാക്കി
ഇടംകയ്യാൽ കഴുത്തു ഞെരിച്ച് നിങ്ങൾ
വലം മുഷ്ടി ഉയർത്തി വീശി നീതിസാരമുത്ഘോഷിച്ചു.
ന്യായാധിപന്മാർ കണ്ണ് കെട്ടി വിധിന്യായം വായിച്ചു
ഇടയ്ക്കെപ്പോഴോ ഞാൻഗാന്ധിസത്തിന്റെ വെണ് പ്രാക്കളായ് ചിറകടിച്ചു, പിടച്ചു.
വഴിയോരത്തെ അനാഥ ജന്മങ്ങൾക്ക് തെരുവുപട്ടികൾ ജാതകം വായിച്ചപ്പോൾ
നിങ്ങളെന്നെ തെറിപ്പാട്ടാക്കി
ലഹരിയിൽ നുരയ്കകുന്ന നരകീടങ്ങൾ
ആർത്തിയുടെ കറുപ്പ് മൂടാൻ വെളുപ്പ്‌ പുതച്ച നേതാക്കൾ
കാമം വിലപേശി വിൽക്കുന്നവർ
'മമ്മി' പെറ്റ് ആയ പോറ്റി
വിഡ്ഢിപ്പെട്ടിക്കുള്ളിലായ പേക്കോലങ്ങൾ
എല്ലാം എല്ലാം എന്റെ സംശുധിയെ വ്യഭിചരിച്ചു.
ഇനി
പ്രപഞ്ചത്തെ ജ്വലിപിച്ച എന്നിലെ 'സ്നേഹം' വറ്റി
ഇന്ന് ഞാൻ വികലാംഗയാണ് ശുഷ്കയാണ്
എനിക്ക് പൊയ് മുഖങ്ങളേയുള്ളൂ
ഗംഗയിൽ കാളിയന്മാർ വിഷം തുപ്പി
ഹിമശ്രുംഗങ്ങളിൽ അശാന്തിയുടെ പുകമൂടി
എവിടെയാണ് ഞാൻ ജ്ഞാനസ്നാനം ചെയ്യുക
പ്രപഞ്ചഭ്രമണത്തിന്റെ വഴിത്താരകളിൽ
ഞാനലയട്ടെ
സർഗസൃഷ്ടിയുടെ അഗാധ ഖനികളിൽ ഞാൻ ധ്യാന നിമഗ്നയാകട്ടെ!
ശാന്തിമന്ത്രങ്ങളുടെ അണ്ഡങ്ങളെന്നിൽ
പുനർജനിക്കും വരെ സ്വസ്തി!


up
0
dowm

രചിച്ചത്:ശ്രീ രേഖ
തീയതി:04-09-2015 03:54:42 PM
Added by :Sree Rekha
വീക്ഷണം:195
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :