ഓർമ്മയുടെ പൂക്കാലം.....
ഓർമ്മകൾ തളിരിട്ട പൂങ്കാവനത്തിൽ ഞാൻ
ആരെത്തിരയുവതെന്നറിയുമോ നീ ?
ഓമൽക്കുസുമത്തിൻ കാന്തിയായുള്ള നിൻ
മാനസം തേടുകയാണിന്നു ഞാൻ...
ആവണിത്തെന്നലെ നീയെന്റെയുള്ളിലെ
അവസാനമില്ലാത്തൊരോർമ്മയല്ലോ
കാലങ്ങളെത്രയോ പോയ് മറഞ്ഞാലുമെൻ
കാഞ്ചന കാന്തി നീയെന്നുമല്ലോ ...
കാത്തിരിപ്പിന്റെ പ്രതീക്ഷയാം നീയെന്നിൽ
അസ്തമിക്കാത്തൊരു സൂര്യനല്ലോ
എന്നും കിനാവുകൾ കണ്ടു മയങ്ങുന്നൊ-
രെന്നുള്ളിൽ തളിരിട്ട പൂക്കാലമേ....
നീയെന്റെയുള്ളിലെ ആശ തൻ കൂട്ടിലെ
ഒരു മയിൽപ്പേടയായ്ത്തീർന്നിടുമ്പോൾ
ഈറൻ മുകിലായ് ഞാൻ വന്നു ചേരുകിൽ നിൻ
പീലികൾ നീർത്തി നീ ആടുകില്ലേ ?...
നിന്നേക്കുറിച്ചു ഞാൻ പാടുന്ന രാഗങ്ങൾ
സപ്ത സ്വരത്തിൽ ലയിച്ചിടുമ്പോൾ
ഏറെ പ്രതീക്ഷകൾ നൽകുവാനില്ലെനി-
ക്കുള്ളിൽ നിറച്ചൊരീ വാക്കു മാത്രം...
എത്രയോ കാലം കടന്നു പോയാലുമെൻ
ഓർമ്മയിൽ നീയെന്നുമുണ്ടായിടും....
എൻ ഓർമ്മയിൽ നീയെന്നുമുണ്ടായിടും....
Not connected : |