.....തടവുകാരൻ.....
ഇരുട്ടോ...? അവൻ മിടുക്കനാണ്,
ബുദ്ധിമാൻ, നിർഭയരാത്രിഞ്ചരൻ.
എന്റെ നിറങ്ങളിൽ നിന്ന് ഒന്നൊഴികെ
കവർന്നെടുത്തൊളിപ്പിച്ചതിനാൽ
അവനെ ഞാൻ ഒരു രാത്രി പിടികൂടി
നിശ്ശബ്ദമായ് ഒരു ചില്ലുകൂട്ടിലടച്ച്
പുറംലോകത്തെ മറച്ച്
പൊതിഞ്ഞു കെട്ടി, വരിഞ്ഞു മുറുക്കി
എന്നെന്നും കഠിനതടവിലിട്ട്
ശിക്ഷിക്കാൻ തീരുമാനിച്ചു.
എന്റെ കറുപ്പു നിറം അവനിൽ നിന്നും
ഞാൻ മോഷ്ടിച്ചെന്നാരോപിച്ച്,
അവൻ രാത്രിയുടെ ഒടുക്കം
കുത്തി മരിക്കുകയും, പിന്നീട് -
പകലിന്റെ തുടക്കം ആ ആത്മാവ്
ഒതുക്കത്തിൽ തടവുചാടീട്ട്
അതേ പകലിന്റെ ചിതയിൽ നിന്നും
വീണ്ടും രാത്രിയുടെ ആദ്യയാമത്തിലേക്ക്
ഉയിർത്തെഴുന്നേൽക്കുമെന്നും,
പിന്നീടാരോ പറഞ്ഞു.
പക്ഷേ, ആ ഇരുട്ടെങ്ങാനും
തടവു ചാടിയോ? എന്ന് നോക്കാൻ -
പോലും എനിക്കിനി കഴിയില്ല.
എന്തെന്നാൽ, പകൽ അവനെ നോക്കാൻ
ഒരൽപം മാത്രം തുറന്നാലും,
എന്റെ കാഴ്ച എത്തുന്നതിനും മുൻപ്
അവൻ ആ തടവുചാടിയിരിക്കും.
കണ്ടോ, ഇരുട്ട് മിടുക്കനാ!
അവനെന്നിൽ നിന്നെടുക്കാതെവിട്ട കറുപ്പുനിറത്തിനുളളിൽ
ഇന്ന് ഞാനും തടവിലാണ്.!!
Not connected : |