എൻറെ പെരുന്നാൾ ദിനങ്ങൾ
എൻറെ പെരുന്നാൾ ദിനങ്ങൾക്ക് , പുത്തനുടുപ്പുധരിച്ച് പള്ളിയിലെ പെരുന്നാൾ നമസ്ക്കാരത്തിനു പുറപ്പെടുമ്പോൾ പതിവായ് കിട്ടിയിരുന്ന ഉമ്മയുടെ സ്നേഹചുംബനത്തിൻറെ കുളിരുണ്ടായിരുന്നു. പള്ളിയിൽ പുതുവസ്ത്രത്തിൻറെയും അത്തറിൻറെയും ഒരു സമ്മിശ്ര സുഗന്ധത്തിൻറെ ലഹരിയുണ്ടായിരുന്നു. എല്ലാവരുടെ മുഖത്തും കളിയാടിനിന്നിരുന്ന നിറപുഞ്ചിരിയുടെ സൗന്ദര്യമുണ്ടായിരുന്നു. ഉമ്മയെ പുതുവസ്ത്രം കാണിക്കാൻ വരുന്ന അടുത്തവീടുകളിലെ കുട്ടികളുടെ പാദസരക്കിലുക്കവും കൈകളിലെ മൈലാഞ്ചിയുടെ മൊഞ്ചുമുണ്ടായിരുന്നു. അതിലുപരി , വർഷങ്ങളായി മുടങ്ങാതെ തുടരുന്ന ആത്മസുഹൃത്തുക്കളുടെ ഒത്തുകൂടലിൻറെ സൗന്ദര്യമുണ്ടായിരുന്നു. ഓരോ റംസാൻ മാസത്തിലും ഞങ്ങൾക്ക് ഒപ്പം വൃതമെടുക്കുന്ന എൻറെ പ്രിയ സുഹൃത്ത് ദിപുവിൻറെ (Dibesh Aravankara) വൃതശുദ്ധിയുടെ പവിത്രതയുണ്ടായിരുന്നു. എൻറെ ഉമ്മ അവനായ് ഉണ്ടാക്കുന്ന സ്പെഷ്യൽ ബീഫ് ഫ്രൈയിലെ കുരുമുളകിൻറെ എരിവുണ്ടായിരുന്നു. റാഷിയുടെ(Rashid Vaderi) വീട്ടിൽ ഞങ്ങളെ കാത്തിരിക്കുന്ന നെയ്ച്ചോറിൻറെ ആവിപറക്കുന്ന മണമുണ്ടായിരുന്നു. മുസ്തു(Mohamed Musthafa) ഞങ്ങൾക്കായ് കരുതിവെച്ച പാൽപായസത്തിൻറെ മധുരമുണ്ടായിരുന്നു. അർഷുവിൻറെ(Arshad Vilanhippulan) ഉമ്മ നിരത്തിവെക്കുന്ന പലഹാരപാത്രങ്ങളിലെ കൗതുകമുണ്ടായിരുന്നു.അവസാനം മനുവിൻറെ(Manu Kodur Manu) വീട്ടിലെ കോലാഹലങ്ങൾക്കും പൂത്തിരി വെളിച്ചങ്ങൾക്കും ഇടയിൽ ഉമ്മ ഒഴിച്ചുനൽകുന്ന സുലൈമാനിയിൽ നിറയെ സ്നേഹത്തിൻറെ സ്വാദുണ്ടായിരുന്നു.
ഇന്നലെ ഒരു പെരുന്നാൾ ദിനത്തിൽ ഈ പ്രവാസി ഒറ്റമുറിയിലെ ഇരുട്ടിൽ ഒന്നും ചെയ്യാനില്ലാതെ മൂടിപ്പുതച്ച് കിടന്നപ്പോൾ ഇവയെല്ലാം ഓർക്കാൻ നല്ല രസമുണ്ടായിരുന്നു....
Not connected : |