മണിക്കുയിലേ...(കവിത)-അന്‍വര്‍ ഷാ ഉമയനല്ലൂര്‍ - തത്ത്വചിന്തകവിതകള്‍

മണിക്കുയിലേ...(കവിത)-അന്‍വര്‍ ഷാ ഉമയനല്ലൂര്‍ 


ഗ്രാമീണയീണങ്ങളിഴചേര്‍ത്തുണര്‍വ്വിന്റെ-
നവകാലഗീതം രചിച്ച തവ ശൈലിയാല്‍
ചിരകാലമൊരുപോലുയരുമല്‍ ഹൃത്തിലായ്
പ്രിയരാഗ;മതുപോലുലകിതില്‍-നിശ്ചയം!

തിരപോലൊരാവേശം പകരുവാനില്ലിഹ!
യീവിധം ഗാനമെന്നറിവിലായ്; സ്മൃതിയിലും
തിരഞ്ഞിടുന്നെന്‍പ്രിയകേരളം കരളിലാ-
യലിവാര്‍ന്നോരീണമുയര്‍ത്തിയ മണിമുഖം.

ഒരു ചലച്ചിത്രത്തിലെന്നപോല്‍ ഞങ്ങളെ-
യമ്പരപ്പിച്ചുകൊണ്ടെങ്ങുപോയ് ; ധരയിതില്‍
തിരയുന്നൊരേവിധമാബാലവൃദ്ധമൊരു-
മനസ്സുമാ,യകമെ ജീവിക്കുവോനേ: ക്ഷണം!

സ്ഥിരമല്ലൊരാളുമീയവനിയിലെന്നു ഞാന്‍
പറയാതറിയുന്നു സകലരും; പുതുലോക-
വിധിയീവിധമാണു കവരുന്നതെങ്കിലും
സ്മൃതികളിലമരനാണല്ലോ കലാകാരന്‍!!

നവഭാവരൂപത്തില്‍ നടനം, വ്യതിരിക്ത-
ഗാനങ്ങളാലെത്രവേഗം വളര്‍ന്നു നീ:
വേണ്ട!വേറൊന്നുമീ വഴികളില്‍ തവപാദ-
മുദ്രകള്‍ കാട്ടിക്കൊടുക്കുവാന്‍ നിശ്ചയം.

കണ്ടില്ല! കാണേണ്ടതുവിധം കഴിവുകള്‍
കാതിലോതുന്നുവോ ലോകരിന്നായിരം?
ചിലകാലമങ്ങനെയാണെന്നുരയ്ക്കുവാന്‍
തോന്നുന്നു,വെന്നാലുണരുന്നകമെനീ.

ജന്മനാടിന്‍ സ്‌നേഹ നനവുളള പാട്ടുകള്‍
പാടിനീ,ഞങ്ങളെക്കൊണ്ടുപോയരികിലായ്
പിന്നെന്തെയിത്രവേഗത്തിലെന്‍ താരമേ,
മാഞ്ഞുപോയെന്നേകചോദ്യം മുഴങ്ങുന്നു!!





up
0
dowm

രചിച്ചത്:
തീയതി:29-03-2016 01:22:25 PM
Added by :Anwar Shah Umayanalloor (അന്‍വര്‍
വീക്ഷണം:139
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :