ഒരു കുക്കുട രോദനം - ഇതരഎഴുത്തുകള്‍

ഒരു കുക്കുട രോദനം 

ലോകം കീഴ്മേൽ മറിഞ്ഞിടുന്നെൻ മുന്നിലായ്
സർവ്വവും എന്നിൽ നിന്നകലുന്നപോൽ ഭവിക്കുന്നു
ഹുങ്കാര സ്വരങ്ങളെൻ കർണ്ണപടം തകർക്കുന്നു
വിദ്യുത് തരംഗങ്ങളെൻഹൃത്തിൽ സ്ഫുരിക്കുന്നു

ഞാനൊരു പാവം കുക്കുടൻ, ഈ ശകടത്തിൻ
പിന്നിലായ് തൂങ്ങിയാടുന്നു കടവാവൽ കണക്കേ
അർദ്ധ നിമീലിത മിഴികളാൽ ഞാൻ കാണ്മൂ
എന്നിലേയ്ക്കടുക്കുമീ മരണ രഥത്തെ
പൊട്ടിത്തകർന്ന എൻ കർണ്ണപടത്തിനാൽ
ഞാൻ കേൾക്കുന്ന സ്വരങ്ങളിൽ മരണമൂകതയും
ചിലരെന്നെ നോക്കി അനുകമ്പ പൊഴിക്കുന്നു
ചിലരെന്നെ നോക്കി രസജ്ഞ നുണയ്ക്കുന്നു

ഏതു മുജ്ജൻമ പാപത്തിൻ ഫലമെനിക്കി-
വ്വിധം യാതനകൾ വന്നു ഭവിച്ചിടുവാൻ
അറിയില്ലെനിക്കീ നീണ്ട യാത്ര ഇതെങ്ങോട്ടായ്‌
ഏതോ തീൻമേശയിലമരാൻ വിധേയൻ ഞാൻ
കാതങ്ങൾ താണ്ടുമീ യാത്രയുടന്ത്യത്തിൽ
ഏതോ മനുജനു ഭോജന വിധേയൻ ഞാൻ

കൊല്ലുന്ന പാപം തിന്നു തീർക്കുന്ന മാനുഷാ
ഇവ്വിധം യാതനകൾ എന്തിനു നീ എനിക്കേകുന്നു
മനുഷ്യ ജീവനു മാത്രമോ നിൻ വില
ഈ പാവമെൻ ജീവനൊരു വിലയുമില്ലേ
കളങ്കരഹിതമാം ചേതസ്സു പേറിടും
നിർദോഷിയാമെൻ ജീവനൊരു വിലയുമില്ലേ.


up
1
dowm

രചിച്ചത്:ശ്രീജിത്ത്‌ എസ് എച്ച്
തീയതി:22-05-2016 12:12:08 PM
Added by :sreeu sh
വീക്ഷണം:166
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :