ഒരു പുലരിയോളം - പ്രണയകവിതകള്‍

ഒരു പുലരിയോളം 

നിന്റെ ചിത്രമെന്റെ മുന്നില്‍
ഒരു തിരിയായ്
എരിഞ്ഞടങ്ങുമ്പോള്‍,
മനസ്സില്‍ വിരിഞ്ഞു തുടങ്ങിയ
കുരുന്നുതാരങ്ങള്‍
എവിടേക്കു വീഴുമെന്നോര്‍ത്ത്
കരയാന്‍ തുടങ്ങുന്നു.

അറിയില്ലെനിക്ക്
നിന്റെ വിചാരങ്ങള്‍;
നിന്റെ വിചിത്രമായ വാശികളും.
പക്ഷേ എനിക്കറിയാമായിരുന്നു,
നിന്റെ നീലമിഴികളുടെ ആഴം.
അറിയാമായിരുന്നു, നിന്റെ മുടിയുടെ സുഗന്ധം.

നീയെനിക്കിപ്പോള്‍
ഒരു വിരലോളം അകലത്തിലാണ്.
ഒന്നു കൈ നീട്ടിയാല്‍ തൊടാം.
ഒന്നു നോക്കിയാല്‍, ഒന്നു ചിരിച്ചാല്‍
തമ്മിലറിയാം.

എന്നിട്ടും,
നീ മുഖം തിരിച്ചു നില്‍ക്കുന്നതെന്തേ?
എന്തേ, നിന്റെ മിഴികളില്‍
വിഷാദം നിറയുന്നു?

നീ പറഞ്ഞ വാക്കുകളുടെ
പൊരുളറിയാന്‍ കഴിഞ്ഞെങ്കില്‍
എനിക്കു നിന്റെ മുഖം
കാണുവാനായേനേ…
നിന്റെ മൗനത്തിന്റെ വ്യാപ്തി
മനസ്സിലാക്കുവാനായിരുന്നെങ്കില്‍
നീയെനിക്കിന്ന്‍
അന്യയായി തീരില്ലായിരുന്നു.

ഈ രാത്രികളില്‍,
എന്റെ സ്വപ്നങ്ങളില്‍ പോലും വരാതെ
നീയെന്നെ മറക്കുമ്പോള്‍…
നിന്റെ വിരല്‍ത്തുമ്പ്
എന്റെ കൈയില്‍ നിന്നു
വഴുതിമാറുമ്പോള്‍…
ഞാന്‍ വീണ്ടും തനിച്ചായതുപോലെ.
നിന്റെ ശ്വാസതാളങ്ങള്‍
എനിക്കന്യമായതു പോലെ.

എങ്കിലും, എനിക്കറിയാം…
ഒരു തൂവലിന്റെ നേര്‍ത്ത സ്പര്‍ശം കൊണ്ട്
ഈ സ്വപ്നത്തില്‍ നിന്നും
എന്നെയുണര്‍ത്താന്‍
നീ വരാതിരിക്കില്ല.
എന്റെ പാട്ടുകള്‍
നീ കേള്‍ക്കാതിരിക്കില്ല.

പക്ഷേ, അതുവരെ
ഈ മഞ്ഞുതുള്ളികള്‍
പൊഴിയാതിരുനെങ്കില്‍…
അതുവരെ
ഈ മുല്ലപ്പൂക്കള്‍
വാടാതിരുന്നെങ്കില്‍…


up
0
dowm

രചിച്ചത്:jineesh
തീയതി:23-07-2011 12:05:27 PM
Added by :prahaladan
വീക്ഷണം:563
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :