മാതൃവിയോഗം
മണ്ണിനെയും നിന്റെയീ മക്കളെയും പിരിഞ്ഞു
വിണ്ണിലെക്കിത്രവേഗം അമ്മേ നീ മടങ്ങിയോ...?
കർത്തവ്യങ്ങൾ പൂർണ്ണമായ് പൂർത്തിയാക്കയാലിനി-
കാത്തിരിക്കേണ്ടതില്ല എന്നു നീ കരുതിയോ...?
നാലു മാസങ്ങൾ മുൻപു നിൻ പാദം ചുംബിച്ചു ഞാൻ
പിരിയുന്പോൾ നീ ചൊല്ലി "ഉണ്ണീ നീ വരേണ്ടിനി"!
ആ വാക്കിൻ പൊരുളന്നു കാര്യമാക്കിയില്ല ഞാൻ
ദീർഘദർശനം നിന്റെ ശൈലിയെന്നറികിലും...!
തണുത്തു പോയെന്നാലും പവിത്രമാം നിൻ മേനി
ധരത്ത്രിക്കു ദക്ഷിണ കൊടുക്കും കാഴ്ച കാണാൻ
കരുത്തില്ലെനിക്കെന്നു കൃത്യമായറിഞ്ഞുകൊ-
ണ്ടല്ലേ നീ ആ വാക്കുകൾ മൊഴിഞ്ഞതെന്നോടന്ന്...?
ആകയാലിന്നിപ്പോളങ്ങോടിവന്നു നിൻ മഞ്ചം
പേറുവാനാകാതെയാൽ നിൻ മൊഴി യാദാർധ്യമായ്...!
അല്ലങ്കിലൊരുപക്ഷെ "ദേഹിയില്ലാതെയുള്ള
ദേഹങ്ങൾക്കെന്തേ വില" എന്നു നീ കരുതിയോ...?
ആചാരങ്ങളത്രയും ഉപചാരങ്ങൾ ഭൂവിൽ-
ആത്മാവിൻ ബന്ധം തന്നെ ബന്ധമേഴുലകിലും.
പാടിയ മൈന പോയ കൂടു മാത്രം കാണുവാൻ-
പാടുപെട്ടെന്തിനിനി ഓടിയെത്തണമീ ഞാൻ...?
പത്തു മാസം നിന്നുള്ളിൽ പാർത്തതിൻ പ്രതിഫലം
കൃത്യമായ് നൽകാൻപോലും കഴിഞ്ഞിട്ടില്ലിനിയും...!
കരഞ്ഞും നനഞ്ഞും ഞാൻ ഉലകിലെത്തിയപ്പോൾ-
കരത്തിലണച്ചെനിക്കന്നുനീ തന്ന മുത്ത-
മതിന്റെ ചൂടും ചൂരും നുകരുന്നിപ്പോഴും ഞാൻ
ഇന്നാക്കരങ്ങൾ രണ്ടും നിശ്ചലമാകുന്പോഴും...
ഇന്നു നിൻ ഹൃദയത്തിൻ സ്പന്ദനം മൂകമായി-
ശൈത്യത്തിൻ കണികകൾ ഉറഞ്ഞു തുടങ്ങവേ-
അമ്മിഞ്ഞിപ്പാലൂട്ടി നീ സ്പന്ദനമേകിയൊരീ-
എൻ ധമനികൾ നിന്റെ വേർപാടിൽ പിടയുന്നു.
തന്ത്രികൾ പൊലിഞ്ഞൊരു വീണയായ് നിശബ്ദയായ്...
മൃത്യുവിൻ കരങ്ങളിൽ ഇന്നു നീയുറങ്ങവേ...
പണ്ടു നീ പാടിയതാം താരാട്ടു പാട്ടുകൾ തൻ-
രാഗവും താളവുമെൻ കാതിൽ മുഴങ്ങുന്നു പോൽ...!
ചോരയും നീരുമൊപ്പം പ്രഭയും കാന്തിയും നിൻ-
ആത്മശോഭയുമൊന്നായ് പൂർണമായ് ദാനം ചെയ്തു...
ഞെട്ടറ്റു വാടിയിന്നു പൂഴിയിൽ വീണ പൂവേ...
സാധിച്ചു പൂർണമായ് നീ നിൻ നിജ നന്മദൗത്യം...!
ആകയാൽ നിനക്കായിന്നീശ്വരൻ കരുതുമാ-
പാരിതോഷികം വാങ്ങാൻ പോകനീ പ്രിയ തായേ...
പട്ടുവിരിച്ചെനിക്കായ് നീ തെളിച്ച പാതയിൽ-
ഒട്ടുദൂരം കൂടിനി പോവേണ്ടതുണ്ടല്ലോ ഞാൻ...
ഭദ്രമായ് നീ എൻ കൈയിൽ കത്തിച്ചു തന്ന ദീപം-
ലക്ഷ്യസ്ഥാനമതെത്തിച്ചെത്രയും വേഗത്തിൽ ഞാൻ
പെട്ടെന്നു പുറപ്പെടാം നിന്നടുത്തെത്തീടുവാൻ
കണ്ണീർമഴ പെയ്യാത്ത വിണ്ണിലെ ആരാമത്തിൽ...
Not connected : |