എവിടെയാണീശ്വരൻ ?
എവിടെയാണീശ്വരൻ?
എൻ മിഴിക്കുരുവികളെ
നാലു ദിക്കും പായിച്ചു പരതി,
കണ്ടുമുട്ടാനാവാതെ വ്യസനത്തിൽ
ഭയം എന്നെ പിടിച്ചുലയ്ക്കുന്നു
എന്റെ കണ്ണുകൾക്ക് തിമിരം ബാധിച്ചുവോ?
അതോ ഈശ്വരൻ
കണ്ണാരം പൊത്തി കളിക്കയോ….
പണ്ടൊരിക്കൽ ഹസ്തിനപുരിയിൽ
ദുശ്ശാസനെന്റെ കരാള ഹസ്തത്തിൽ നിന്നും
പാണ്ടവമാനസ സ്വപ്നമാം പാഞ്ചാലിതൻ-
സ്ത്രീത്വം കാത്തു രക്ഷിച്ചതാം ഈശ്വരാ,
ഇന്നിതാ ഇന്ദ്രപ്രസ്ഥത്തിൽ
ആറു നരാധമന്മാർ പിച്ചിച്ചീന്തിയ
പനിനീർപുഷ്പ്മാം നിർഭയയുടെ
നനവാർന്ന മിഴികൾ കണ്ടില്ല നീ,
തൃണമാം മനുഷ്യൻ ഞാൻ സംശയിക്കുന്നു
കാലപ്രവാഹത്തിൽ നിനക്കും തിമിരമോ ?
പണ്ടൊരിക്കൽ മിസ്രേം തെരുവിൽ മുഴങ്ങിയ
ഇസ്രയേലിൻ രോദനങ്ങൾക്കു പകരമായ്
പാലും തേനുമൊഴുകും കനാൻ നാട്
വാഗ്ദാനം ചെയ്തതാം ഈശ്വരാ,
ഇന്നതേ കനാൻ നാട്ടിലെ
രക്തം തളം കെട്ടി നില്ക്കും രണസാഗരത്തിൽ-
മുങ്ങിത്താഴും അശരണരുടെ
നിലവിളികൾ കേട്ടില്ല നീ,
തൃണമാം മനുഷ്യൻ ഞാൻ സംശയിക്കുന്നു
കാലപ്രവാഹത്തിൽ നീയും ബധിരനായ് മാറിയോ ?
Not connected : |