പൂവിന്റെ നൊമ്പരം
വിടപറയുവതെന്തു നീ ഭ്രമരമേ?
ഞാൻ ചെറു ചെടിയായ് മുളച്ചതാം നാൾ മുതൽ
കാലമിതത്രെയും,
അന്വഹം കലഹിച്ചും സ്നേഹിച്ചും,
ഋതുക്കൾ നുകർന്നതെത്ര നാമൊന്നായ്....
വേർപാടിതാശിച്ചതല്ല ഞാൻ
വേർപിരിയില്ലെന്നു നിനച്ചതാം നാളുകൾ,
അന്യരുടെ സ്നേഹം തേടി
നീ പോകവേ....
ശോകമെൻ ആത്മാവു തേങ്ങിടുന്നു
എന്തിനെന്നെ വിട്ടകലുന്നു നീ ?
എന്നിലെ രക്തം വാറ്റി -
അമൃതമായ് നിനക്കേകിയില്ലേ
എന്നിലെ പൂവിന്റെ ഗന്ധം നശിച്ചുവോ ?
എന്നിലെ തേനിന്റെ മധുരം കുറഞ്ഞുവോ ?
ഇനിയും വസന്തം തലോടുമെന്നെ
ഇലകളും പൂക്കളും തളിരിടും നാളതിൽ
നിന്നിലെൻ സ്മരണകൾ ഉണർന്നീടുകിൽ
എന്നിലേക്കപ്പോൾ തിരികെ വന്നീടുമോ?
കാത്തിരിക്കുന്നു ഞാൻ മൂകമായ്....
Not connected : |