നിദ്ര
നിദ്ര എനിക്കെപ്പോഴും അന്യയായിരുന്നു
എത്ര അടുക്കാൻ ശ്രമിച്ചാലും അവൾ അകന്നു പോയിക്കൊണ്ടിരിക്കും
രാത്രിയുടെ കൂരിരുട്ടിൽ മാത്രം അന്വേഷിച്ചതു കൊണ്ടാണെന്നറിയില്ല
അവളുടെ നീരസം നിറഞ്ഞ മുഖം എന്റെ
ഹൃദയത്തെ നോവിച്ചു കൊണ്ടിരുന്നു
പകലന്തിയോളം കോൺക്രീറ്റ് കൂരയ്ക്കുള്ളിൽ
ബോസിന്റെ ശകാരം കേട്ടിരിക്കുമ്പോൾ
അവളെ ഓർക്കാൻ സമയം കിട്ടാറില്ലായിരുന്നു
എങ്കിലും അവളുടെ കരസ്പർശത്തിനായി ഞാൻ
എപ്പോഴൊക്കെയോ കൊതിച്ചിരുന്നു
ചിലപ്പോൾ അവൾ അപ്രതീക്ഷിതമായി എന്റെ
അടുത്തേക്കു വരാറുണ്ടായിരുന്നു
ബോസിന്റെ കണ്ണുകളിൽ നിന്നും വരുന്ന തീനാളം
അവളെ ഭയപ്പെടുത്തിക്കൊണ്ടിരുന്നു
അവൾ പിന്തിരിഞ്ഞു ഓടുന്നത് നിസ്സഹായനായി നോക്കി
നിലക്കാനേ എനിക്കാവുമായിരുന്നുള്ളു
എങ്കിലും രാത്രിയുടെ ഇടനാഴിയിൽ അവളുടെ കാലൊച്ച കേൾക്കാൻ
ഞാൻ കാതുകൂർപ്പിച്ചിരിക്കുമായിരുന്നു
വഴി തെറ്റി വന്ന ഇളംകാറ്റിനോ
കോരിച്ചൊരിയുന്ന പേമാരിക്കോ അവളെ
എന്റെ അടുത്തേക്കു എത്തിക്കാൻ കഴിഞ്ഞില്ല
തെക്കേ പറമ്പിലെ ഇലഞ്ഞി മരത്തിന്റെ കീഴിൽ
ചന്ദനമുട്ടികൾക്കിടയിൽ ഞാൻ കിടക്കുമ്പോൾ
അവൾ എന്റെ കൂടെയുണ്ടായിരുന്നു
ആരുടെയും പ്രേരണയില്ലാതെ
എന്റെ കണ്ണുകളെ പതുക്കെ തഴുകി
അന്ത്യചുംബനത്തിന്റെ മാധുര്യം പകർന്നുകൊണ്ട്
Not connected : |