കടും നിറങ്ങൾ - തത്ത്വചിന്തകവിതകള്‍

കടും നിറങ്ങൾ 

ഈയിടെ കാണുന്ന
സ്വപ്നങ്ങൾക്കെല്ലാം
ഭീതിയേകുന്ന
കടുംനിറങ്ങളാണ്.

ക്ലീനിംഗ് ലോഷനിൽ
വെന്തുരുകിയ
അന്നനാളത്തിന്റെ
അഴുകിയ കറുപ്പ്.

ജനനേന്ദ്രിയം
തുളച്ചു കയറ്റിയ
കമ്പിയിലേയും
കത്തിയിലേയും
രക്ത ചുവപ്പ്.

കഴുത്തിൽ
കുടുങ്ങിയ
കയറുണർത്തുന്ന
സദാചാര നീല.

അന്നത്തിന്റെ
മണം നുകർന്ന്
അടുപ്പു തകർക്കുന്ന
ചെന്നായ്ക്കളുടെ
നാവിൽ നിന്നിറ്റുന്ന
ഭ്രാന്തെടുത്ത കാവി.

അക്ഷരങ്ങൾ
അഗ്നിയിലെറിഞ്ഞ്
കൈയ്യറുത്ത്
നെഞ്ചിലെ ശ്വാസമൂറ്റി
ദക്ഷിണയേകുന്ന
മതബോധത്തിന്റെ
വികൃതമായ പച്ച.

ചില സ്വപ്നങ്ങളെങ്കിലും
ആശ്വാസത്തിന്റെ
കടും നിറങ്ങളത്രേ.

ഇരുണ്ട നീലിമയിൽ
ഇടിമുഴക്കുന്ന
കരുത്ത് ചോരാത്ത
കറുത്ത മേഘങ്ങൾ.
അവയ്ക്കിടയിലൂടെ
അങ്ങിങ്ങായി
എത്തി നോക്കുന്ന
ഇത്തിരി ചുവപ്പ്.

ജലപാതങ്ങളിൽ
തണ്ണീർത്തടങ്ങളിൽ
കവിതയായ് പടരുന്ന
കരുതൽ പച്ച.

പ്രതീക്ഷയുടെ സ്വപ്നങ്ങൾ
നരയ്ക്കാതിരുന്നെങ്കിൽ!


up
0
dowm

രചിച്ചത്:രാജേഷ് നാരായണൻ
തീയതി:29-07-2016 11:12:10 AM
Added by :Rajesh Narayanan
വീക്ഷണം:103
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :