പാട(ഠ)ങ്ങൾ
കാശു കൊടുത്താൽ
കടയിൽ ചാക്കിൽ കിട്ടും
അരിയിഷ്ടംപോലെയെന്ന്
അരിശം മൂത്ത ചെക്കൻ.
ചെക്കൻ പറയുന്നത്
പോക്കണക്കേടെന്ന്
വേലിയിലെ ഇല നുള്ളി
തലതിരിയാത്ത തന്ത.
അവൻ പറയണതിലും
അത്ര കാര്യമില്ലാണ്ടില്ല
പെണ്ണിനെ പടിയിറക്കണ്ടേ
കണ്ണീരൊലിപ്പിച്ച് തള്ള.
വാശി കാട്ടി വക്കാണം കൂടി
വെറുതെ കളയാതെ നേരം
വേഗം കാശു പിടിയേട്ടാ
വേണ്ടാതീനമോതി തരകൻ.
പിന്നല്ലാണ്ടെന്റേട്ടോ
പണിക്കൊരാളെ കിട്ടണ്ടെ
സങ്കടമോതി പഴിയോതി
ശങ്ക തീർത്ത് നാട്ടുകാർ.
സൂര്യാഘാതമേറ്റ്
ആരൊക്കെയോ പോയീന്ന്
കോൺക്രീറ്റ് പാടം കടന്ന്
കോച്ചാത്ത കുളിരാത്ത കാറ്റ്.
കുടിക്കുന്ന വെള്ളത്തിൽ
തൊട്ടിൽത്തുണി മുക്കി
കുട്ടിയെ ആട്ടിയുറക്കണ്
കുരുത്തം കെട്ടവന്റെ പെണ്ണ്.
Not connected : |