പൊട്ടിയ പട്ടങ്ങൾ - തത്ത്വചിന്തകവിതകള്‍

പൊട്ടിയ പട്ടങ്ങൾ 

വിദൂരതയിൽ മിഴിനട്ട്
വിഷാദ വദനത്തോടെ
മുടിയിഴയിൽ വിരൽചുറ്റി
അവൾ സ്വയം ചോദിച്ചു.

ചരടറുത്ത പട്ടങ്ങൾ
ചരടു വലിക്കുന്നവരുടെ
കാഴ്ചവട്ടത്തിനുള്ളിൽ
കറങ്ങി പതിക്കുന്നതെന്തേ?

ഓരോ പിൻവലിയും
ഉയരത്തിനുമുയരത്തിലേക്ക്
പറത്തുന്ന തന്ത്രമെന്ന്
ഉൾവിളി കേട്ടതിനാലോ?

അനന്തമായ വിണ്ണിന്റെ
ശൂന്യമായ ഉയരങ്ങളിൽ
ഏകാകിയായലഞ്ഞലഞ്ഞ്
ഉള്ളം മടുത്തതിനാലോ?

കാറ്റിന്റെ വേഗങ്ങളിൽ
വേരറ്റ് നാരറ്റ് ശരീരമറ്റ്
സ്വയമെങ്ങോ മറയുമെന്ന
ഉൾഭീതിയാലോ?

പരന്ന വിഹായസ്സിൽ
പക്ഷിപോലുയരുമ്പോൾ
ചരടിലെ സ്വാതന്ത്ര്യമേകും
ഉൾക്കരുത്തിന്നുണർവ്വാലോ?

പട്ടങ്ങൾ ചിലതെങ്കിലും
വെൺമേഘരഥമേറി
തെന്നി നീങ്ങുന്നുണ്ടാവാം
ഉയരങ്ങൾക്കുമുയരങ്ങളിൽ.


up
0
dowm

രചിച്ചത്:രാജേഷ് നാരായണൻ
തീയതി:29-07-2016 11:15:01 AM
Added by :Rajesh Narayanan
വീക്ഷണം:175
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :