ഹൃദയം കൊണ്ട് പോയവൾക്ക്
മഞ്ഞിൽകുളിച്ചു നിലാപ്പട്ടു ചുറ്റി, മുല്ല
മൊട്ടിട്ടു നിൽക്കുന്നൊരീറൻ പുലരിയിൽ
മുട്ടിയുരുമ്മിയടുത്തെത്തി, പൂമണം
മുത്തിയെടുക്കും സുരഭിയാം തെന്നലിൽ
വഴിയിലെ കണിമരം പൂത്തപോലെൻമുന്നിൽ
പ്രിയസഖീ, നീ വന്നു നിലതോർക്കുന്നു ഞാൻ
കുയിലുകൾ പാടാൻ സ്വരം ചേർക്കെ, ചോലകൾ
കുളിരൂറുമൊരു കുഞ്ഞു താളം പിടിക്കെ
പൂർവ്വ ജന്മത്തിന്റെ പുണ്യമായെന്നുള്ളിൽ
പ്രിയസഖീ, നീയേ നിറഞ്ഞതോർക്കുന്നു ഞാൻ
കാവിലെ കൽവിളക്കിന്റെ ചോട്ടിൽ നാം
മിഴി പൂട്ടിയെന്തിനോ ധ്യാനിച്ചു നിന്നതും
കുന്നിന്റെചെരിവിൽ നൂറായിരം ശലഭങ്ങൾ
പാറി നടക്കുന്ന സായന്തനങ്ങളിൽ
നമ്മളന്യോന്യം കരം ചേർത്തു - ചേർത്തു
ഹൃത്താളങ്ങൾ, മെല്ലെ നാമൊന്നായലിഞ്ഞതും
ഇന്നലെകളല്ലേ...
നമുക്കിന്നലെകളെല്ലാം പഴങ്കഥകളല്ലേ?
ഇന്നിവിടെ കരിയിലകൾ കൊഴിയുന്നപോലെ നീ
എന്നെപ്പിരിഞ്ഞ് പോകുമ്പോൾ
അറിയുന്നുവോ സഖീ,
അകലെയൊരു ചിറകൊച്ച
ചക്രവാളം കടക്കുന്നു.
കടൽ കയറി മുങ്ങുന്നു സൂര്യൻ, കിനാവിലും
കടലുപ്പ്നീർ തളിക്കുന്നു.
കാവിലെ കൽവിളക്കിൽ മഴപ്പത്തി
കൊത്തിക്കെടുത്തി ദീപങ്ങൾ.
മിഴി വഴുതി വീഴുന്ന നീർമണികൾ പോലുമീ
മഴനാരു പങ്കു ചേർക്കുമ്പോൾ
അറിയുന്നുവോ സഖീ,
ഇവിടെ നാമെന്തിനോ
വേർപെടുന്നു - പിന്നെ
വേരറ്റൊടുങ്ങുന്നു.
ഇനി നാളെ പുലരിയെത്തുമ്പോൾ -
പൂക്കളെ പുലർകാറ്റു നൃത്തമാട്ടുമ്പോൾ
എന്റെ ആത്‌മാവിൽ നാം നട്ടൂ നനച്ചൊരു
മോഹങ്ങൾ തൻ മലർ വാടി
വാടിയ പൂക്കളും നീരറ്റ വേരുമായ്, നിൻ
വരവിനായ് വെമ്പുകയാവും
നീവരും നേരം പ്രതീക്ഷിക്കയാവും
നീവരും നേരം പ്രതീക്ഷിക്കയാവും
Not connected : |