സ്വാർത്ഥലാഭങ്ങൾ  - തത്ത്വചിന്തകവിതകള്‍

സ്വാർത്ഥലാഭങ്ങൾ  

അനന്തമാം ഈ വിശ്വത്തിൽ പരസ്പരം
അറിയാതെ വസിപ്പൂ തൃണമാം മനുജർ
വ്യർത്ഥമാണെങ്കിലും വെറുതെ നിനയ്പൂ ഞാൻ
എന്തേ മനുജരിത്ര സ്വാർത്ഥരായിപ്പോയ്?

മാത്സര്യബുദ്ധിയും സ്വാർത്ഥലാഭങ്ങളും
ഞാനെന്ന ഭാവവും പേറി വസിക്കുന്നവർ
തൊട്ടയൽപക്കത്തു നല്ലനാൾ വന്നാൽ
സ്പർദ്ധയോടെന്നെന്നും ചൂഴ്ന്നു നോക്കുന്നവർ
തൊട്ടയൽപക്കത്തു ദാരിദ്ര്യമെന്നറിഞ്ഞാൽ
അളവറ്റ നിർവൃതിയോടെ ആഹ്ളാദിപ്പവർ
വ്യർത്ഥമാണെങ്കിലും വെറുതെ നിനയ്പൂ ഞാൻ
എന്തേ മനുജരിത്ര സ്വാർത്ഥരായിപ്പോയ്?

പണമുള്ളവർക്കെന്നും ആഢംബര ജീവിതം
നിയമങ്ങളെല്ലാം അവർക്കായ് എഴുതുന്നു
സൗജന്യമായ് ദ്രവ്യം ലഭിക്കുമെന്നറിയുകിൽ
ഏറ്റവുമാദ്യം സ്വന്തമാക്കാൻ വെമ്പുമിവർ
പണമില്ലാത്തവനോ ശ്വാനതുല്യം ഇവിടെ
എന്നും ചവിട്ടിമെതിക്കപ്പെടുന്നിവർ നിർദയം
വ്യർത്ഥമാണെങ്കിലും വെറുതെ നിനയ്പൂ ഞാൻ
എന്തേ മനുജരിത്ര സ്വാർത്ഥരായിപ്പോയ്?

അപകടം പറ്റിയിട്ടാസന്നമരണനാം, മാനവ
ജീവനെ അവഗണിച്ചു പോകുന്ന മർത്യൻ
പാതയിൽ ഒരുവൻ തലചുറ്റി വീണാലോ
മദ്യപനെന്നോതി പരിഹസിക്കും മർത്യൻ
തെല്ലൊരു നേരത്തെ വിശപ്പടക്കാൻ കെഞ്ചുമീ
യാചകരെ നിഷ്ക്കരുണം അവഗണിക്കുന്നവർ
വ്യർത്ഥമാണെങ്കിലും വെറുതെ നിനയ്പൂ ഞാൻ
എന്തേ മനുജരിത്ര സ്വാർത്ഥരായിപ്പോയ്?

അനന്തമാം ഈ വിശ്വത്തിൽ പരസ്പരം
അറിയാതെ വസിപ്പൂ തൃണമാം മനുജർ
വ്യർത്ഥമാണെങ്കിലും വെറുതെ ആശിപ്പൂ ഞാൻ
നിസ്വാർത്ഥരായ് ഏവരും വസിക്കും ലോകം


up
0
dowm

രചിച്ചത്:ശ്രീജിത്ത് എസ് എച്ച്
തീയതി:05-09-2016 09:16:57 AM
Added by :sreeu sh
വീക്ഷണം:193
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :