ട്രയിനിലെ പുകവലി - ഇതരഎഴുത്തുകള്‍

ട്രയിനിലെ പുകവലി 


ട്രയിന്‍ സ്റ്റേഷനില്‍ നിന്നു നീങ്ങി തുടങ്ങിയതേ അയാള്‍ ബീഡിക്കു തീ കൊളുത്താന്‍ ഉള്ള ശ്രമം തുടങ്ങി.

വായിച്ചു കൊണ്ടിരുന്ന പുസ്തകത്തില്‍ നിന്നു ഞാന്‍ പതുക്കെ തലയുയര്‍ത്തി. മുന്നിലെ സീറ്റില്‍ ചമ്മ്രം പടിഞ്ഞു, മടിയില്‍ കീറിയ ഒരു തുവര്‍ത്തും വിരിച്ചു അതിന്റെ മുകളില്‍ പഴയ തമിഴ്‌ പത്രവും നിവര്‍ത്തി വെച്ചിരിക്കുന്ന ഒരു പാവം തമിഴന്‍. മെയ്‌ മാസത്തിലെ ഉരുകുന്ന ചൂടില്‍, ഇരിക്കാന്‍ സ്ഥലം കിട്ടിയ വേറൊരു ഭാഗ്യവാന്‍.

ചൂടും, വിയര്‍പ്പും, പിന്നെ ട്രെയിനിന്റെ ഗന്ധവും. ഇതിന്റെയിടയില്‍ ഇനി ഈ പുക കൂടി വന്നാല്‍ പിന്നെ തീര്‍ന്നു. ഓര്‍മ്മ വെച്ച കാലം മുതല്‍ക്കേ പുകവലിക്കാരെ വെറുത്തിരുന്ന എനിക്കു പിന്നീടൊന്നും ആലോചിക്കേണ്ടി വന്നില്ല. ഇവിടെ ഇരുന്നു ബീഡി വലിക്കരുതെന്നു കുറച്ചു മയത്തിലും, അതിലേറെ കടുപ്പത്തിലും ഞാന്‍ അയാളെ ധരിപ്പിച്ചു.

മുഖത്തു രോഷം പ്രകടമാക്കിയെങ്കിലും ഞാന്‍ പറഞ്ഞതു അയാള്‍ അനുസരിച്ചു. തീപ്പെട്ടി കംബു കെടുത്തി നിലത്തിട്ടു അയാള്‍ ബീഡി തിരികെ പൊക്കറ്റില്‍ വെച്ചു. എല്ലാം കഴിഞ്ഞിട്ടു എന്നെ രൂക്ഷമായി ഒന്നു നോക്കുകയും ചെയ്തു. ഒരങ്കം ജയിച്ച ഗര്‍വ്വോടു കൂടി സഹയാത്രികരെ ഒക്കെ ഒന്നു നോക്കി തിരികെ ഞാന്‍ എന്റെ കഥയുടെ മായാ ലോകത്തേക്കു മടങ്ങി.

അര മണിക്കൂര്‍ കഴിഞ്ഞില്ല, ആള്‍ വീണ്ടും പുകയ്ക്കുള്ള ശ്രമം തുടങ്ങി. ഈ പ്രാവശ്യം പക്ഷെ ഞാന്‍
ശ്രദ്ധിക്കുന്നതിലും മുന്‍പു അയാള്‍ ഒരു പുക ഉള്ളിലെടുക്കുകയും ചെയ്തു.

"മാഷേ, ഇവിടെയിരുന്നു പുക വലിക്കാന്‍ പറ്റില്ലെന്നു പറഞ്ഞില്ലേ !!" സ്വരം ഉയര്‍ത്തി തന്നെയായിരുന്നു ഞാന്‍ അതു പറഞ്ഞതു "വെണമെങ്കില്‍ ആ വാതില്‍ക്കല്‍ പോയി നിന്നു വലിച്ചോളൂ"

ബീഡി കെടുത്തി അയാള്‍ എന്നെ ഒന്നു തറപ്പിച്ചു നോക്കിയിട്ടു വലിച്ച പുക മെല്ലെ ഊതി കളഞ്ഞു.

ഒരു നേരത്തെ ഭക്ഷണത്തിനു പോലും കാശില്ലാത്ത ആളാണെന്നു കണ്ടാല്‍ അറിയാം. ഇവര്‍ക്കൊക്കെ ഈ ബീഡി മേടിക്കുന്ന കാശു കൊണ്ടു വല്ല ഭക്ഷണവും വാങ്ങിച്ചു കഴിക്കാന്‍ പാടില്ലേ എന്നു തുടങ്ങി ചോദ്യങ്ങള്‍ പലതുണ്ടായിരുന്നെങ്കിലും ഒന്നും ഞാന്‍ ഉറക്കെ ചോദിച്ചില്ല. എല്ലാം മനസ്സില്‍ കുറിച്ചിട്ടു വീണ്ടും എന്റെ പുസ്തകത്തിലേക്കു മുഖം താഴ്ത്തി.

സ്റ്റേഷനുകള്‍ പിന്നിലെക്കോടിക്കൊണ്ടിരുന്നു. ഒരു പുകവലിക്കാരനു പുക ശ്വാസത്തെക്കാളും വിലപ്പെട്ടതാണെന്നു എനിക്കു മനസ്സിലാക്കി തന്ന നിമിഷങ്ങളായിരുന്നു അവ. ഉറങ്ങാന്‍ ആയി കണ്ണുകള്‍ അടയ്ക്കുകയും, സാധിക്കാതെ വരുംബൊള്‍ ഒരു വലിയ കോട്ടുവായില്‍ ശ്രമം അവസാനിപ്പികുകയും ചെയ്തു കൊണ്ടിരുന്നു അയാള്‍. ഷര്‍ട്ടു അഴിച്ചിടുകയും, പത്രം കൊണ്ടു കാറ്റു വീശുകയും ചെയ്തു കൊണ്ടിരുന്ന അയാള്‍ കരയില്‍ വീണ ഒരു മത്സ്യത്തെ പൊലെ അവിടെ ഇരുന്നു പിടഞ്ഞു. എല്ലാം കണ്ടു കൊണ്ടു മുന്നിലെ സീറ്റില്‍ അകമേ പുഞ്ചിരി തൂകി ഞാന്‍ ഇരുന്നു.

വണ്ടി തലശ്ശേരി എത്തിയപ്പൊള്‍
അയാള്‍ ഇറങ്ങാനുള്ള തയ്യറെടുപ്പു തുടങ്ങി. കൈയ്യിലെ മുഷിഞ്ഞ പത്രം ചുരുട്ടി സഞ്ചിയില്‍ വെച്ചിട്ടു മടിയിലെ തോര്‍ത്തെടുത്തയാള്‍ തോളത്തിട്ടു. ആ നേരം ആണു ഞാന്‍ അതു ശ്രദ്ധിച്ചതു. തോര്‍ത്തിനടിയില്‍ ഇത്ര നേരവും മറഞ്ഞു കിടന്ന, മുട്ടിനു താഴെ വെച്ചു മുറിച്ചു മാറ്റപെട്ട രണ്ട്‌ കാലുകള്‍.

എന്തു പറയേണ്ടു എന്നറിയാതെ തരിച്ചിരുന്നു പോയി ഞാന്‍. അയാളുടെ മുന്നില്‍ ഞാന്‍ അലിഞ്ഞില്ലാതായി. ഒരു നികൃഷ്ട്ട ജീവിയെ എന്ന കണക്കെ ആളുകള്‍ എന്നെ നോക്കി.

സീറ്റില്‍ നിന്നും താഴെ ഊര്‍ന്നിറങ്ങുന്നതിനിടയില്‍ അയാള്‍ എന്നെ നൊക്കുംബോള്‍ പുസ്തകത്തിനിടയില്‍ മുഖം ഒളിപ്പിക്കാന്‍ വ്യഥാ പാടു പെടുകയായിരുന്നു ഞാന്‍. താഴെ കിടന്ന ചെരുപ്പുകള്‍ കൈവിരളുകള്‍ക്കിടയില്‍ ഒതുക്കി അയാള്‍ മെല്ലെ വാതിലിനു നെരെ ഇഴഞ്ഞു നീങ്ങി. വീങ്ങുന്ന മനസ്സുമായി ഇരിക്കുന്ന എന്നില്‍ അവശേഷിച്ച വെള്ളരിപ്രാവുകളും പറന്നകന്നു.

വണ്ടി ചൂളം വിളിച്ചു തുടങ്ങിയപ്പൊള്‍ മെല്ലെ ഞാന്‍ അടുത്ത കമ്പാര്‍ട്ട്‌മന്റ്‌ ലക്ഷ്യമാക്കി നടന്നു.


up
0
dowm

രചിച്ചത്:Mridul Narayanan
തീയതി:15-10-2011 09:28:07 PM
Added by :Sithuraj
വീക്ഷണം:245
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :