വിഷാദ കാവ്യം
കാവ്യ, നീയൊരു വിഷാദ കാവ്യമായ്
നീറുന്നൊരെൻ നെഞ്ചകത്തിലമരുന്നുവോ?
കനലാഴിയിൽ മുങ്ങി നിവരുന്നപോൽ
നിൻ കനലോർമ്മകളെന്നിൽ പടരുകയായ്
നീയെനിക്കാരായിരുന്നു?, അറിയില്ലയി-
പ്പോഴും അതെനിക്കജ്ഞാത രഹസ്യം
എങ്കിലും ഞാനോർക്കുന്നു സോദരീ
രക്ഷയ്ക്കു നീ കൈയ്യിലണിയിച്ച ബന്ധനം
ഞാൻ ഓർക്കുന്നു ,നീയന്നു ചൊന്നൊരാ
പ്രണയവും, നിൻ പ്രിയ്യ കാമുകനെയും
നിൻ പ്രേമഭാജനത്തെ പുകഴ്ത്തി നീയെ-
ന്നോടു നൂറുനാവാൽ പറഞ്ഞതെല്ലാം
ഋതുമതിയായ ദിനം മുതൽ നീ കണ്ടൊരാ
മായിക ലോകത്തെ നിൻ പ്രിയനായകൻ
അന്നൊരിക്കൽ നിന്നടുത്തായ് വന്ന്
ഇഷ്ടമെന്നോതിയ സുരഭിലമാം ദിനം
ഞാൻ ചൊന്ന മുന്നറിയിപ്പുകൾ നിർദയം
അവഗണിച്ചെന്നെ നീ പരിഹസിച്ചു
കണ്ണു രണ്ടുമന്നടച്ചു നീ വിശ്വസിച്ചവ-
ന്നെ നിൻ പ്രാണനിൽ പ്രതിഷ്ഠിച്ചുവോ?
സംശയത്തിനൊട്ടുമിടം കൊടുക്കാതവൻ
നിന്നെ ലാളിച്ചു, നീ മോഹിച്ച ദിനങ്ങൾ
നീയോ വിശ്വസിച്ചവനെനിൻ അക്ഷി പോൽ
ജീവിത പങ്കാളിയാക്കാൻ കൊതിച്ചുവല്ലോ
അങ്ങനെയൊരു ദിനം നിന്നോടവൻ കെ-
ഞ്ചിയെൻ പ്രിയ്യേ രതിസുഖം തന്നിടുക നീ
ആദ്യം മടിച്ചെങ്കിലും നീ വഴങ്ങിയന്നു നി-
ങ്ങളിരുവരും രതിസാന്ദ്രമായ് ആറാടി
പെട്ടെന്നൊരു ദിനം ഞെട്ടലോടിഞ്ഞു നീ,
നിന്റെയുളളിലായ് പുതുജീവന്റെ തുടിപ്പുകൾ
തളർന്നില്ലയെന്നാലും നീ ആശ്വസിച്ചു,
നിൻ പ്രാണനായകൻ കൈവിടില്ലെന്നതും
വിവരമറിഞ്ഞ നിൻ കപടനാം നായകൻ
പൊട്ടിച്ചിരിച്ചുകൊണ്ടാട്ടി നിന്നെ
കിട്ടേണ്ടതെല്ലാമെനിക്കു കിട്ടിയെന്നു-
ക്രൂരമായ് ചൊന്നിട്ടു നിന്നെയിറക്കിവിട്ടു.
പൊട്ടിത്തകർന്ന നീ ഞെട്ടിത്തെറിച്ചുകൊ-
ണ്ടാരാലും അഭയമില്ലാതെ വലഞ്ഞു
ഹൃദയം പിളർക്കുന്ന വേദന സഹിക്കാ-
തെനീ ആരാരുമറിയാതെ പോയ് മറഞ്ഞു
നിൻ കപടകാമുകൻ പുതിയ ഇരയെത്തേടി
മേടുകൾ തോറും പരതി നടക്കവേ
നഗ്നമാം മേനിയെ ധരണിയിലുപേക്ഷിച്ചു
ജീവ ചൈതന്യവുമായ് നീ പറന്നകന്നു
കാവ്യ, നീയൊരു വിഷാദ കാവ്യമായ്
നീറുന്നൊരെൻ നെഞ്ചകത്തിലമരുന്നുവോ?
കനലാഴിയിൽ മുങ്ങിനിവരുന്നപോൽ
നിൻ കനലോർമ്മകളെന്നിൽ പടരുകയായ്
രചിച്ചത്:ശ്രീജിത്ത് എസ്സ് എച്ച്
തീയതി:11-10-2016 09:12:51 AM
Added by :sreeu sh
വീക്ഷണം:299
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
Not connected : |