പരിഹാസത്തിന്റെ പരാജയം
പരീക്ഷപേപ്പറില്‍ നിന്നുമാ ചോദ്യങ്ങള്‍
എന്നെ നോക്കിപ്പരിഹസിക്കവേ
ചിന്തിച്ചു ഞാന്‍ എന്നെ പരിഹസിച്ചീടുമീ
ജീവിതായനത്തിന്‍ പാതകളെ
കാഴ്ചകള്‍ കാതുകള്‍ പരിഹസിച്ചു
കഴിവും കവിതയും പരിഹസിച്ചു
വിജയ-വിശ്വാസങ്ങള്‍ പരിഹസിച്ചു
പ്രണയപ്രയത്‌നങ്ങള്‍ പരിഹസിച്ചു
ഭാവ- ഭാവനകള്‍ പരിഹസിച്ചു
ഭാവി-ഭൂതങ്ങളും പരിഹസിച്ചു
എല്ലാം ഉറ്റുനോക്കീ വിവേകം
പിന്നെ വിജ്ഞാനചഷകം പകര്‍ന്നുനല്‍കി
ആത്മവിശ്വാസത്തിന്‍ ശ്വാസത്തിലിപ്പോഴും
വിജയഭേരിക്കായി സ്ഥാനമുണ്ട്
എന്‍ സിരക്കുഴലുകള്‍ക്കിനിയും വിജയത്തിന്‍
വാഹനമോട്ടാന്‍ കരുത്തുമുണ്ട്
നില്‍ക്കില്ല കാല്‍കള്‍, തളരില്ല കൈകള്‍
മിടിക്കാതിരിക്കില്ലീ ഹൃദയരക്തം
തോല്‍ക്കാന്‍ മനസ്സില്ലയെങ്കിലും തോല്‍വിതന്‍
പടുകുഴികള്‍ ഇനിയേറെയുണ്ട്
ചാടിക്കടക്കാന്‍ കഴിഞ്ഞില്ലയെങ്കിലും
മണ്ണിട്ടുമൂടുമീ പടുകുഴികള്‍
ലോകവാനത്തിന്‍ കിഴക്കുദിക്കില്‍
ഇനി എന്‍ മഴവില്ലും പതിച്ചിടേണം
പരിഹാസമേ നിന്‍ പരാജയം മാത്രം
കണ്ടുകൊണ്ടേ ഞാനസ്തമിക്കൂ
Not connected : |