പിന്‍ വഴികള്‍
കവലകളില്‍ നിന്നു ചിലപ്പോള്‍
ഓര്‍മകള്‍ സംസാരിക്കും ….
മഴ ചാറി വീശുമ്പോള്‍
സാരിത്തലപ്പൊതുക്കി
ഒരാഹ്ലാദം
ഹൃദയത്തിലേയ്ക്ക്
തിടുക്കനെ കയറിനില്‍ക്കും;
ബന്ധങ്ങള്‍ക്കിടയിലെ
വിദൂരതകളില്‍
ഓടിത്തേഞ്ഞ മനസ്സുകൊണ്ടിനി
എന്തെടുക്കാനാണെന്ന്
ഒരു നെടുവീര്‍പ്പു കാറ്റിലലിയും
അന്തിമഴയിരുട്ടില്‍
പുസ്തകം നെഞ്ചത്തടക്കി
ഒരു നിഴല്‍ നനഞ്ഞോണ്ടങ്ങനെ
പുറമ്പോക്കുവീട്ടില്‍ ലയിച്ചത്
എപ്പൊഴായിരുന്നെന്ന്
ഒരു ഞരമ്പ് വലിഞ്ഞു മുറുകും
ഏതു സ്വപ്നത്തിലും മാറ്റൊലികൊള്ളുന്ന
ഏറുകൊണ്ട പട്ടിണിപ്പട്ടിയുടെ നിലവിളി
ചായക്കടയ്ക്കരികിലെ പൊന്തയില്‍
രണ്ടുകണ്ണുകളായ് തുറിച്ച്
പതുങ്ങിയിരുന്നു വേദനിപ്പിക്കും
കുത്തിത്തുളയ്ക്കുന്ന വെയിലത്തും
കൊടിമരം നാട്ടി
ഗ്രന്ഥശാലയ്ക്കരികില്‍
വിയര്‍ത്തു ചെമന്നൊരു മുദ്രാവാക്യം
സിരകളെ പ്രകമ്പിതമാക്കും
വേദനയുടെ വെളുത്തപക്ഷവും
മറഞ്ഞിരിപ്പിന്റെ കറുത്തപക്ഷവും
കപ്പലണ്ടിയും കൊറിച്ചിരുന്ന
സയാഹ്നത്തിന്റെ കലുങ്ങുകള്‍
പരദൂഷണം പലായനം ചെടിപ്പുകല്‍ക്കപ്പുറത്ത്
രഷ്ട്രീയവും കവിതയും സ്വപ്നത്താലളന്ന്
ജീവിത്തത്തെ ത്രാണിപ്പെടുത്തുന്നത്
ഓര്‍മകള്‍ക്കു കാണാറാകും
പെട്ടെന്നൊരു ചൂളംവിളിയോ
നെഞ്ചംകുളിര്‍ത്തൊരു പാട്ടോ
ചുണ്ടുകളെ ഭേദിച്ചു പുറത്തു വരാതിരിക്കില്ല
ഒരു വഴിയിലും
നാം തനിച്ചല്ല നടക്കുക;
രാത്രിയിലൊരമ്പിളിമാനം
കൂടെപ്പോരാറുള്ളതുപോലെ
ഡി.യേശുദാസ്
Not connected : |