അറിയാതെ
അറിയാതെ അറിയാതെ ആസ്തികനായ ഞാന്‍ നാസ്തികനായി പരിണമിക്കുന്നുവോ?
നിശ്ചലയായ എന്‍ വിഗ്രഹദേവിയോ ചഞ്ചലയായ നിന്‍സന്നദ്ധരൂപമോ
ഏതിനെ പൂജിക്കണമെന്നറിയാതെ ദ്വിവിധാവിവശനായ് മുദ്രാവിഹീനനായ്
അകകോവില്‍നടയില്‍ കരിന്തിരികത്തുന്ന ബലിപീഠമൊന്നില്‍ തരിച്ചിരുന്നു
ഷഡകര്‍മ്മങ്ങളിലെന്റെ ശ്രദ്ധ കുറഞ്ഞതും ന്യാസജപങ്ങളിടറിയൊഴിഞ്ഞതും
ദര്‍ഭകുളത്തില്‍ജപിക്കേണ്ടഗായത്രി നിന്‍നാമ ജല്‍പനരൂപത്തിലായതും
പൂര്‍വ്വകര്‍മ്മങ്ങളെ പശ്ചാത്കര്‍മങ്ങളായ് പൂജാവിധികളിന്‍ഭേദം അവജ്ഞയായ്
മോഹിനിയായി നീ യോഗീഹൃദയത്തില്‍ തീരാത്തവാഞ്ഛയുണര്‍ത്താന്‍സമര്‍ത്ഥയോ?
ദൂരെ എവിടെയോ നിന്നെ തഴുകിയാ കാറ്റുവരുന്നു മുടക്കാന്‍ ജപക്രിയ്യ
കൂട്ടിവരുന്നുനിന്‍ മാസ്മരഗന്ധമെന്നാത്മബലം ശോഷതോയസമാനമായ്
ക്ഷാത്രേയതേജസ്സ്നിറഞ്ഞനിന്‍ഗാത്രങ്ങള്‍ മാത്രംസ്മരിച്ചു തനിച്ചിരിക്കുന്നുഞാന്‍
കാവ്യാന്തരീക്ഷംജ്വലിപ്പിക്കുമുജ്ജ്വലകാന്തയായ് മന്ത്രധ്വനിയില്‍പ്രണവമായ്
ബീജാക്ഷരങ്ങളില്‍ ക്ലീംകാരനാദമായ് ഹരിചന്ദനത്തിന്റെ കുളിരെഴുംസ്പര്‍ശമായ്
ഹവനത്തിലാളുന്നൊരഗ്നിയായ് ത്രൈലോക്യസൌരഭ്യഭാവമായ് ധൂപചുരുളയായ്
നാസരന്ത്രങ്ങളില്‍ ഹൃദ്യസുഗന്ധമായ് ഗൂഢമന്ത്രാങ്കിത മാന്ത്രികഗ്രന്ഥമായ്
കര്‍പ്പൂരദീപത്തിലേറും പ്രകാശമായ് വീരാളിപ്പട്ടിന്റെ ചെഞ്ചോരചന്തമായ്
വശ്യമനോഹര നെയ്ത്തിരിനാളമായ് ഗുരുതിയില്‍നിറയുന്ന കനകാദിവര്‍ണ്ണമായ്
നിറയുന്നു നീയെന്റെസിരകളില്‍ കൈവല്യമടയാനെനിക്കൊരു ശാക്തേയമാര്‍ഗ്ഗമായ്
ഈശാനകോണിലെ ദീപം നൈരിത്രമായ് സങ്കല്പപൂജ നിന്‍സങ്കല്പസ്വപ്നമായ്
ധ്യാനവും മന്ത്രവും പൂജാവിധികളും ശ്രീബലിതര്‍പ്പണം നിത്ത്യ നിവേദ്യവും
നീരാജനത്തിന്റെ രത്നപ്രഭാപൂരമേകുന്ന ചിത്രവുമെത്രവിചിത്രമായ്
മാറുന്നു നിന്റെയാമോഹനരൂപത്തിലാളുന്നുവെത്ര ശമീഗര്‍ഭജല്പനം
ഋഷിശ്ഛന്ദദേവതാന്യാസം മറന്നുള്ള ശതധാരമന്ത്രജപത്തിന്റെ മാറ്റുകള്‍
ചമതയെരിഞ്ഞടങ്ങുന്നപോല്‍ നിര്‍മാല്ല്യകലശത്തിലേറ്റുപ്രതിധ്വനിക്കുന്നുവോ?
അംഗകരന്ന്യാസതന്ത്രവിധികള്‍നിന്‍ ചഞ്ചലമൃദുലകരങ്ങളില്‍കണ്ടു ഞാന്‍
പാദങ്ങള്‍പത്മങ്ങള്‍ഷോടകദശളങ്ങള്‍ ഭൂപുരംനിന്റെയാചക്ഷസുകള്‍
മായാമാളവഗൌളയിലൊഴുകിഞാന്‍ ആദിയായ് ത്രിപുടമായ് മിശ്രചാപാദിയായ്
വിപ്രത്ത്വമെന്നില്‍തളച്ചവികാരങ്ങള്‍ വിപ്ലവരൂപമായ് ക്ഷത്രിയ ഭാവമായ്
മാസ്മരതാപപ്രഭാവലയത്തിലേക്കോടിയാത്മാഹുതിചെയ്യും മൂഢശലഭമായ്
ഭൂസുരനെന്നയെന്‍ഭാവംത്യജിച്ചെന്റെ യജ്ഞോപവീതവിലക്കുലംഘിച്ചുഞാന്‍
നിന്‍മുന്നില്‍മാലയായ് സിന്ധൂരതിലകമായ് വന്നുനില്‍ക്കുന്നെന്നെസ്വീകരിക്ക
സോപാനസംഗീതനാദമായ് സാന്ത്വനമേകുകയെന്നെയനുഗ്രഹിക്ക.
Not connected : |