കാറ്റിനെപ്പോലൊരു വാക്ക്‌ - ഇതരഎഴുത്തുകള്‍

കാറ്റിനെപ്പോലൊരു വാക്ക്‌ 

കാറ്റിനെപ്പോലൊരു വാക്കുണ്ടെങ്കില്‍ !
കാടും കടലും തഴുകി വന്നെത്തുന്ന
പുലരിയുടെ തെളിവോടെ
പൂക്കളുടെ അഴകോടെ
കിളികളുടെ മൊഴിയോടെ
അരുവിയുടെ കുളിരോടെ
അലകളുടെ ചിരിയോടെ
ഒരു നവരസ സുമനസ വചനം.

കാറ്റിനെപ്പോലൊരു വാക്കുണ്ടെങ്കില്‍
കാടിനെ തൊട്ടു വിളിച്ചുണര്‍ത്താം.
കടലിനെ മടിയില്‍ പിടിച്ചിരുത്താം.
മലയുടെ നെറുകയില്‍ ഉമ്മ വക്കാം.
പുഴയുടെ പാട്ടിന് ചുവടുവക്കാം.
മഴയുടെ കൊലുസിന് താളമിടാം.

കാറ്റിനെപ്പോലൊരു വാക്കാവണം
കടിഞ്ഞാണിട്ടാലത് കാറ്റാവണം.
കയറു പൊട്ടിച്ചാല്‍‍ കടലാവണം.
കാറില്‍പറക്കുമ്പോള്‍ മഴയാവണം.
കരയിലിറങ്ങുമ്പോള്‍ കഥയാവണം.

കാറ്റിനെപ്പോലൊരു വാക്ക്..
ആ വാക്കിന് വാളിന്റെ മൂര്‍ച്ച വേണം
വായ്ത്തല നേരിന്‍റെ നിറവാകണം
വാക്കില്‍ കൊടുങ്കാറ്റ് വീശുമ്പോള്‍
വന്മരങ്ങള്‍ പൊട്ടിവീഴുമ്പോള്‍
കാടും മലയും പുഴയും വെളുപ്പിച്ചു
നാടും നഗരവും നക്കിച്ചുവപ്പിച്ചു
രാജയോഗങ്ങളാഘോഷിച്ചു വാഴുന്ന
രാവണ,രാക്ഷസ ജന്മങ്ങള്‍ വാക്കിന്‍റെ
താരപ്രഭയില്‍ മനുഷ്യരായ്‌ത്തീരണം.

കാറ്റിനെപ്പോലുള്ളില്‍ വാക്കുണ്ടെങ്കില്‍
കാടിന്റെയുള്ളിലെ തീയടങ്ങും
മഴയുടെയുള്ളിലെ മഞ്ഞടങ്ങും
മലയുടെയുള്ളിലെ കൊതിയടങ്ങും
പുഴയുടെയുള്ളിലെ ചതിയടങ്ങും
കടലിന്റെയുള്ളിലെ കലിയടങ്ങും
പകലിന്റെയുള്ളിലെ പകയടങ്ങും.‍
പരിവേഷമണിയുന്ന പുലരികളില്‍ ഭൂമി
പുതുലോക വാഴ്ച്ചയില്‍ ആനന്ദിക്കും.

കാറ്റിനെപ്പോലൊരുവാക്കുണ്ടെങ്കില്‍
നാക്കിലെപ്പോഴും ആ വാക്കുണ്ടെങ്കില്‍
ഒരു പുലര്‍ക്കാറ്റ് മുഖത്തുണ്ടാവും
ഒരു പൂനിലാവിന്റെ ചിരിയുണ്ടാകും
ഒരു മഴവില്ലിന്റെ നിറമുണ്ടാവും
ഒരു പൂക്കാലത്തിന്‍ മണമുണ്ടാവും
ഒറ്റ മനസ്സിന്‍ കരുത്തുണ്ടാവും.

കാറ്റിനെപ്പോലൊരു വാക്ക്..


up
1
dowm

രചിച്ചത്:നിഴല്‍-വരകള്‍
തീയതി:24-01-2012 06:47:46 PM
Added by :Sanju
വീക്ഷണം:241
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :