ഒരു കവി യശ:പ്രാര്‍ത്ഥി എന്ന നിലയില്‍ എന്റെ ജീവിതം !!!
കാല്‍പ്പനിക സ്വപ്നങ്ങളായിരുന്നു
ആദ്യ ലക്ഷണം.
എപ്പോഴും
തേനെന്നും പാലെന്നും
ചിന്തിച്ചു ചിന്തിച്ച്
തേനെന്നു പാലെന്നു
വര്‍ണ്ണിച്ച് വര്‍ണ്ണിച്ച്
ആദ്യ രാവില്‍ പക്ഷെ
ഉപ്പു ചുവക്കുന്ന
ഉമിനീര് തന്നെയാണ്
അതും എന്ന് തിരിച്ചറിഞ്ഞപ്പോള്‍
ഞെട്ടി ബോധം പോയി !
ഉദ്ബോധനങ്ങള്‍ ആയിരുന്നു
അടുത്ത ഘട്ടം!
അപരാധങ്ങള്‍
പെരുമഴ പോലെ പെയ്യുമ്പോഴും
എല്ലാവരും കിടന്നുറങ്ങുന്നു
എന്ന് വിലപിച്ച്,
ഉണരൂ ഉണരൂ എന്നുദ്ഘോഷിച്ച് !
പക്ഷെ
ഒടുവില്‍ ഞാന്‍ ഉറങ്ങിപ്പോയി!
തത്വ ചിന്തകളായി പിന്നീട് !
ഏട്ടിലെ കവിത പുല്ലു തിന്നുന്നില്ലെന്നും,
കൂട്ടിലെ കവിത കുരയ്ക്കുമെങ്കിലും കടിക്കില്ലെന്നും,
ആകാശത്തിലെ കവിതകള്‍
വിതയ്ക്കുന്നില്ലെന്നും കൊയ്യുന്നില്ലെന്നും ..........
ഒടുവില്‍
എല്ലാം
ചിതല്‍ തിന്നും കനല്‍ തിന്നും
തീരുന്നു എന്നറിഞ്ഞതോടെ
ബോധോദയമായി!!
തിരിച്ചറിവിന്റെ ഈ നിമിഷത്തില്‍
ഇനി എനിക്ക് ഒരു സഹായം മാത്രമേ വേണ്ടു !
പറഞ്ഞു തരാമോ സുഹൃത്തേ!
ഭ്രാന്താശുപത്രിയിലേക്ക്
ഏതു വഴിയ്ക്കാണ്
പോകേണ്ടത്?
Not connected : |