ജന്മശാപം
ആവശ്യത്തിനു മാത്രം,
അലയടിക്കുന്ന
കടലൊളിപ്പിച്ചു വെച്ചാണ്,
കണ്ണുകളെ അയച്ചത്.
ഏതു നിശബ്ദതയിലും,
ചൂളമടിക്കുന്ന,
കൊടുങ്കാറ്റായിരുന്നു,
നാവിന്‍റെ തുമ്പിലെപ്പോഴും.
ഏതു വന്‍മരവും,
പിഴുതുമാറ്റാവുന്ന,
കരുത്തായിരുന്നു,
കൈകള്‍ക്ക്.
ആരും കാണാത്ത ,
ദൂരദേശങ്ങളിലേക്ക്,
കടന്നു ചെല്ലാവുന്ന,
വേഗതയായിരുന്നു,
കാലുകള്‍ക്ക്.
എന്നിട്ടും,
ആരോ കാമം തീര്‍ത്തു,
വലിച്ചെറിഞ്ഞ
പിഞ്ചു കുഞ്ഞിന്‍റെ മൃതിയില്‍,
തിരയടിക്കാതെ കണ്ണുകളും,
ജാതിയില്‍ താന്നു പോയതിന്,
ചുട്ടു കൊന്ന ദലിതന്‍റെ,
രോദനം ആര്‍ത്തലച്ചിട്ടും,
മൌനത്തിലാണ്ടിരുന്ന നാവും,
ഇരുട്ടിലെവിടെയോ,
മുള്‍ച്ചെടികള്‍ മാനം കവര്‍ന്ന
നേര്‍ സാക്ഷ്യങ്ങളെ ആട്ടിപ്പായിക്കാത്ത
കൈക്കരുത്തും,
വീണു കിടന്നു വേദനിക്കുന്ന,
നിരാശയുടെ അയല്‍പക്കത്തേക്ക്,
നടന്നു പോവാത്ത കാലുകളും,
ജന്മേ നിന്‍റെ ശാപമായ്,
ഇന്നും കൂടെ നില്‍ക്കുന്നു.
Not connected : |