ഉത്തരമറിയുന്ന ചോദ്യം
സത്യത്തിൽ നീ ആരായിരുന്നു
ചോദ്യ ചിഹ്നം ഇടാഞ്ഞത്
മറന്നിട്ടല്ല മന: പൂർവ്വമാണ്
ഉത്തരമറിയുന്ന ചോദ്യങ്ങൾക്ക്
ചിഹ്നങ്ങളും, അടയാളങ്ങളും
അലങ്കാരമാണെന്നെനിക്കറിയാം
പാലപ്പൂ മണം പരന്ന രാത്രി
മത്തു പിടിപ്പിക്കുന്ന മാദക ഗന്ധം
ഇലകളനക്കം വെക്കാത്ത
ഇരുട്ടു മൂടിയ കറുത്ത വാവ്
നക്ഷത്രങ്ങളുറങ്ങിയപ്പോൾ
തുറന്നിട്ട ജാലകത്തിനിടയിലൂടെ
വിരുന്നെത്തിയ കാറ്റിനെപ്പോലെ
കറുത്തു തിങ്ങിയ കാർകൂന്തലിൽ
ചെമ്പകപ്പൂവിൻ ഗന്ധമായ് തഴുകി
ലോല വികാരങ്ങളുടെ ചരടറുത്ത്
കൊഞ്ചിക്കുഴഞ്ഞു ബാക്കിയായ
സീൽക്കാരത്തിന് കാതു ചേർത്ത്
പിന്നെ പുലരിയിൽ ഞാനെപ്പോഴോ
ഉണർന്നെണീറ്റപ്പോൾ കാണാതെയായ
നിന്നെ പകലു പോലെ എനിക്കറിയാം
സത്യത്തിൽ നീ ആരായിരുന്നു
കാമുകനോ, ഗന്ധർവ്വനോ, കിനാവോ
Not connected : |