മാംസനിബദ്ധമല്ലനുരാഗം
'പഞ്ചവര്‍ണ്ണക്കിളിക്കൊഞ്ചലാം നിന്മൊഴി
മൊഞ്ചെഴുമാനനം, ശാരീര സൗഷ്ടവം!
നിന്നെയെനിക്കിഷ്ടമെന്റെ പൂല്‍ക്കൂട്ടിലേ-
ക്കെന്നോടു ചേര്‍ന്നിരിക്കാനായി പോരുമോ?
സ്വപ്നങ്ങള്‍ നെയ്യുമീ ചിത്തത്തില്‍ നിന്മുഖ-
മല്‍പവും ചോരാതെ കാത്തു സൂക്ഷിപ്പൂ ഞാന്‍!
മായികേ, മാമക ജീവന്നു ജീവനായ്-
ത്തീരു നീ, കണ്‍കളില്‍ സ്വപ്‌നങ്ങളാടുന്ന
മായാമയൂരമായ് പോരു നീ,യെന്നകം-
തോരാത്ത സംഗീത സാന്ദ്രം കുളിര്‍ക്കെട്ടെ!'
എന്തെന്തു മോഹന വാക്കുകളാംഗ്യങ്ങ-
ളെത്ര മനോഹരപ്പാട്ടുകള്‍, ചന്ത-
മെഴുന്ന സ്വപ്‌നങ്ങളു, മാകാശമേറുന്ന
മോഹങ്ങളും തന്നു മുന്നിലണഞ്ഞു നീ!
ആയവയൊക്കെയും നിന്റെയാത്മാര്‍ത്ഥ
പ്രണയമായ് കണ്ടു ഞാന്‍ ചാരത്തു നിന്നു ഞാന്‍!
കണ്ടീല നിന്നുള്ളില്‍ ക്രൂരം ചിരിക്കുന്ന
കന്മഷ ജന്തുവെ കാമാഗ്നികൂപത്തെ!
കണ്ടീല പ്രേമപ്പുതപ്പിന്നടിയിലെ
കാപട്യക്കൈകളെ കാട്ടു ജന്തുക്കളെ!
മാംസത്തെ, പെണ്ണിന്റെ മാംസത്തെ മാത്രമായ്
കാമിക്കുമേതു ഹൃദയവും കാടാണ്
പാമ്പും കഴുകനും ക്രൂരജന്തുക്കളു
മോടിനടന്നിര തിന്നും കൊടും വനം!
നേരും നെറിയുമറിയാത്ത ലോകത്ത്
മാറിയിരുന്നു കരയുവാനല്ലാതെ
വേറെന്തു മാര്‍ഗം, വെറുതെ കനല്‍പഥ-
മേറിയെന്തിു ഞാനാധിയില്‍ വാഴണം!
സ്വപ്നങ്ങളെ കൊന്നു, വിണ്ണില്‍ പറക്കേണ്ട
പക്ഷങ്ങളെന്റെയറുത്തു, 'ദയാപൂര്‍വം'
ജീവിക്കുവാ-നിരുള്‍ കൂട്ടിലാണെങ്കിലും-
പാവമീ പെണ്ണിന്നു നല്‍കി നീ 'മോചനം'!
ഇന്നു, നിരാശാഗിരിമുകളില്‍ നിന്നു
വന്നു വീഴുന്നൂ കദനക്കല്‍ചീളുകള്‍!
എങ്ങും മുറിവാ,ണതൂതിയുണക്കുവാന്‍
താങ്ങായൊരാളുമീക്കൂട്ടിനടുത്തില്ല!
എല്ലാമെടുത്തു നീ, നിന്റെ ദുരമൂത്ത
ൈകകളാലെന്മനം ചീന്തിയെറിഞ്ഞു നീ!
പ്രേമിച്ച പെണ്ണിന്റെ നൊമ്പരം കാണാഞ്ഞ
പാപീ നീ! പാപി നീ! ഭൂമിക്കു ശാപം നീ!
Not connected : |