എന്‍റെയാകാശം
ചുവന്നിരിക്കുന്നു,
തുടുത്തു നിന്നപ്പോഴേ തോന്നിയതാണ്
സൂര്യന്‍റെ ചിന്തകള്‍ ചുവന്ന
തിരശ്ശീല പോലെയാളി കത്തുമെന്ന്..
കടലിനെ വാരി പുണരുമ്പോഴും
സൂര്യന്‍റെ ചുട്ടുപൊള്ളല്‍
പൊങ്ങിക്കിടന്നു..
മേഘങ്ങളെ നഷ്ടപ്പെട്ട് ചുവടുകള്‍ പിഴക്കുമ്പോള്‍
വാക്കുകള്‍ നഷ്ടമായിരുന്നു,
വേരറ്റ മരം കണക്കെ
ചുണ്ടുകള്‍ വിറച്ചപ്പോള്‍
തോല്‍ക്കുവാന്‍ പടിക്കുകയായിരുന്നില്ല,
ജയിക്കുവാനുള്ളതിന്‍റെ
രഹസ്യം തിരയുകയായിരുന്നു..
വാക്കുകളിലെ കാവ്യഭംഗി
നഷ്ട്ടപ്പെട്ട് കാവ്യനീതിയുടെ
കഠാര കുത്തിയിറക്കുമ്പോള്‍
യാമം കറുത്തിരുന്നു….,
ശരിയാണ് മേഘങ്ങളെ
നഷ്ടപ്പെട്ടതിന്‍റെ ചുവപ്പുണ്ടപ്പോഴും കണ്ണില്‍..
രാത്രികളെ സ്വപ്നങ്ങള്‍ക്ക് വേണ്ടി മാത്രം കാത്തിരിക്കയാണോ…?
ആശിച്ചതിന്‍റെ ലാഭമളന്ന്
പ്രണയവഞ്ചനയുടെ
വിയര്‍പ്പൂറ്റി,
തലയണ പഞ്ഞികള്‍ക്കമര്‍ന്ന
രാത്രികള്‍…..
വിരോധമില്ലെങ്കില്‍ ചിന്തിച്ച്
നോക്കണം,
തൊണ്ടയിടറിയിട്ടില്ലേ…
വാക്കിലക്ഷരങ്ങളില്ലാതായിട്ടില്ലേ..
ചുവടുകള്‍
വിറച്ചു കരഞ്ഞിട്ടില്ലേ…
അന്നാകാശത്തിനെന്തു
നിറമായിരുന്നു………??
നിറങ്ങള്‍ നഷ്ടമായപ്പോള്‍
അന്ധനാവുകയായിരുന്നു,
സ്വയം,
ആഗ്രഹിക്കാതെന്തോ ചമഞ്ഞു കൂടുമ്പോള്‍,
മരിക്കുവാന്‍ വേണ്ടി ദിക്കു തേടി പോയ കിളിയെ
ഓര്‍മ്മ വന്നു….,
ചെന്ന ദിക്കില്‍ മഴവില്ലിനെ
മറന്നു ജീവിക്കുന്ന കുറേ പേരെ
കണ്ട് അവള്‍ക്ക് മടങ്ങേണ്ടി വന്നു….
എനിക്കുണരണം,
പകല്‍ മറ്റൊരാകാശം
വരച്ചിരിക്കുന്നു,
ചുവപ്പിനെ മായ്ച്ചിരിക്കുന്നു,
നീലനിറത്തിലാ മേഘങ്ങളെന്നെ
നോക്കി കണ്ണിറുക്കുന്നു…..
Not connected : |