പൂക്കാലം
പൂക്കളും പുഴകളും പൂവമ്പഴങ്ങളും
പൂമ്പാറ്റ പാറുന്ന പൂത്തൊടികളും
സ്വപനമാം കാലത്തിരുന്നു ഞാൻ കോറുമീ-
യക്ഷരപ്പൂക്കളെൻ തൂലികയാൽ.....
പണ്ടെന്റെ വീടിന്റെയങ്കണം വെള്ളയാം
മണ്ണിന്റെ മേൽമുണ്ടുടുത്തിരുന്നൂ..
എൻ പിഞ്ചു ശൈശവക്കാലടിപ്പാടുകൾ
ആ മണ്ണിൻ രോമാഞ്ചമായിരുന്നൂ...
അങ്കണത്തൈമാവിൻ സൗവർണ മാമ്പഴം
വീഴുവാൻ കാത്തു ഞാൻ നിന്നിരുന്നൂ...
പൂവാലനണ്ണാറക്കണ്ണനും ഞാനുമാ-
യൊത്തിരിയോടിക്കളിച്ചിരുന്നൂ...
ആ മരക്കൊമ്പിലെൻ മാതുലൻ കെട്ടിയോ -
രൂഞ്ഞാലിലാടി ഞാൻ, കൂട്ടുകാരും..
മാവിന്റെയെത്താത്ത കിങ്ങിണിച്ചില്ലമേ-
ലായത്തിലാടി ഞാൻ തൊട്ടിരുന്നൂ...
ചെത്തിയും ചെമ്പകോം ചെമ്പരത്തിപ്പൂവും
നുള്ളുവാനയലത്തു പോയിരുന്നൂ...
പിന്നെയാപ്പൂക്കളാൽ ചേലൊത്ത പൂക്കളം
തീർക്കുവാൻ മേളമായ് ചേർന്നിരുന്നൂ...
ഇന്നെന്റെ വീടിന്റെ യങ്കണത്തിണ്ണമേൽ
മണലിന്റെ തരിയില്ല, പൂക്കളില്ല ...
എന്നും മിനുങ്ങുന്ന പൂക്കളം കാണുവാൻ
ടൈലിന്റെ ഭംഗിയിൽ തീർത്തൊരെണ്ണം !
എന്റെ കിടാവിന്നു കൂടെ കളിയ്ക്കുവാൻ
വീട്ടിലും നാട്ടിലും കൂട്ടുമില്ല !
അയലത്തെ വീട്ടിലും കുട്ടിയുണ്ടെങ്കിലും
ഒറ്റയ്ക്കയയ്ക്കുവാൻ ധൈര്യമില്ല !!
തേനുള്ള പൂക്കളും സ്വാദുള്ള കായ്കളും
ഉണ്ടായിരുന്നോരു നല്ല കാലം
വാമനൻ പാതാള ഗർത്തത്തിലാക്കിയെ-
ന്നന്നു ഞാൻ ചൊല്ലിക്കൊടുത്തുറക്കി!
ആ നല്ല കാലത്തിനാ നല്ല യോർമ്മകൾ
വിങ്ങുമെൻ ഹൃത്തിന്റെ ജാലകത്തിൽ
മുട്ടിവിളിച്ചു കൊണ്ടെന്നെത്തലോടുവാൻ
പൂക്കാലമൊന്നിങ്ങു വന്നീടുമോ ??!!
Not connected : |