ആത്മാവിന്‍റെ നൊമ്പരം - തത്ത്വചിന്തകവിതകള്‍

ആത്മാവിന്‍റെ നൊമ്പരം 

കോടിപുതച്ചൊരാ ദേഹത്തിന്‍ചുറ്റിനും-
കണ്ണീരുതൂകിയിരിക്കുന്നു സ്ത്രീജനം.
അട്ടഹാസംപോലെ പൊട്ടിക്കരയുമാ-
മാതുലപത്നിതന്‍ രോദനം ഭീകരം.
മാറത്തലച്ചുവിലപിച്ചിടുന്നൊരാ-
അമ്മതന്‍ നൊമ്പരം കണ്ണുനിറയ്ക്കവേ.
ആശ്വസിപ്പിക്കുവാന്‍ പോലുമാവാതെയായൊരാ-
ആത്മാവായ് തീര്‍ന്നതില്‍ ആദ്യമായി ഖേദിപ്പൂ.
തൊട്ടയല്‍പ്പക്കത്തുനിന്നുള്ള രോദനം-
കാതിലലയ്ക്കവേ ചങ്കു പിളര്‍ന്നുപോയ്.
നെഞ്ചകം കാരിരുമ്പെന്നു കരുതിയോ-
രച്ഛന്‍റെ തേങ്ങലെന്‍ ഉള്ളം തകര്‍ക്കവേ.
ചുറ്റിലും നില്‍ക്കുന്ന കാണികള്‍ മൊത്തമായ്-
കണ്ണീരുതൂവുന്നു...ദൈന്യമായ് കേഴുന്നു.
ഇന്നലെയോളവും ശത്രുത തീര്‍ത്തവര്‍
നൊമ്പരത്തോടെയകന്നങ്ങു നില്‍ക്കുന്നു.
തെക്കിനിഭാഗത്തായ് ചിതയൊരുക്കാനായി-
തെല്ലും മടിയ്ക്കാതെ കോപ്പുകൂട്ടുന്നവര്‍.
അങ്ങകലത്തായി നിശബ്ദമായ് നില്‍ക്കുന്നു-
തന്‍പ്രിയമിത്രങ്ങള്‍ ആത്മസുഹൃത്തുക്കള്‍.
പുഷ്പചക്രങ്ങള്‍ സമര്‍പ്പിക്കാന്‍ വരിനില്‍പ്പൂ-
മുന്‍സഹപാഠികള്‍, പൗരപ്രമുഖന്‍മാര്‍.
ടീവിയില്‍ മാത്രം പരിചിതനായൊരാ-
ഭരണകര്‍ത്താവതാ തന്‍ കുടിലിന്‍ മുന്നില്‍.
ജീവിച്ചിരുന്നപ്പോള്‍ ശല്യമെന്നോതിയ-
തൊട്ടയല്‍വാസികള്‍ മാറത്തലയ്ക്കുന്നു.
കണ്ണീരുതൂവിപ്പറയുന്നു സത്ജ്ജനം-
നഷ്ടമാണീവിധി വീടിനും നാടിനും.
വാര്‍ദ്ധക്യബാധിതരെല്ലാരും ചൊല്ലുന്നൂ-
ഈശ്വരന്‍ എന്തിനീ ക്രൂരത കാട്ടുന്നു.
എണ്ണം തികയ്ക്കുവാനായിരുന്നെങ്കിലീ-
ഞങ്ങളിലൊന്നിനെ കൊണ്ടുപോയിക്കൂടേ.
ചുറ്റിലും നില്‍പ്പവരെല്ലാരും ഉച്ചത്തില്‍
പൊട്ടിക്കരയുന്നു...കണ്ണുനിറയ്ക്കുന്നു.
ആ ആര്‍ത്തനാദത്തില്‍ നിന്നു വിഭിന്നമായ്-
കണ്ടു നിശബ്ദമാം ഒരു നേര്‍ത്ത നൊമ്പരം.
കരയുവാന്‍ ഒരു തുളളി കണ്ണീരുമില്ലാതെ-
വിറപൂണ്ടിരിക്കുമാ തന്‍ പ്രിയപത്നിയെ.
സത്യമോ സ്വപ്നമോ എന്നറിയാന്‍പോലും-
കഴിയാതെ തന്‍ദേഹം നോക്കിയിരിപ്പവള്‍.
വാത്സല്യമോതിയ മാതാപിതാക്കളെ-
ധിക്കരിച്ചെന്നുടെ കൂടെ നടന്നവള്‍.
സുഖശീതളിമയെ പാടേ ത്യജിച്ചുതന്‍-
ദാരിദ്ര്യദു:ഖത്തെ മനസ്സാവരിച്ചവള്‍.
ഒരു കോടി ജന്മങ്ങള്‍ കൂടെയുണ്ടാവുമെ-
ന്നെന്നുടെ വാക്കുകള്‍ ഹൃദയത്തിലേറ്റിയോള്‍
തന്‍ നിറച്ചാര്‍ത്തിന്‍റെ പൊന്‍മണിമുത്തിനെ-
രണ്ടരമാസമായ് ഗര്‍ഭത്തിലേറ്റിയോള്‍.
എങ്ങനെ പോകുവാനാവുമീ ആത്മാവി-
നാവില്ലൊരിക്കലും ഇവരെ തനിച്ചാക്കാന്‍.
ദേഹം മറഞ്ഞാലും ദേഹി മറയില്ല-
കാവലായ് നിന്നിടും എന്നതു സത്യവും.
എന്നുടെ ദേവഹിയോഗം വരുത്തിയ-
നഷ്ടത്തെയോര്‍ത്തു വിലപിച്ചിടുന്നോരേ.
നിങ്ങള്‍തന്‍ ദു:ഖത്തിനായുസ്സ് ക്ഷണികമാ-
ണെന്നറിഞ്ഞീടുക...അതുതന്നെ സത്യവും.
ജനനമെന്നുള്ളത് സത്യമാണെങ്കിലീ-
മരണവും ശാശ്വത സത്യമെന്നറിയുക.
ഈശ്വരതേജസ്സില്‍ വിലയം പ്രാപിക്കുന്ന-
നിത്യതയാണീ.... അവസാന ശ്വാസവും.


up
0
dowm

രചിച്ചത്:സിറോഷ് കെ.പി.
തീയതി:04-04-2018 11:32:22 AM
Added by :Sirosh K.P.
വീക്ഷണം:161
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :