വീട്
പ്രണയിക്കുകയെന്നാല്‍
വീടിനെ പ്രണയിക്കുകയെന്നാണ്
അതിലെ ഇരുണ്ട മൂലകളെ
പൊട്ടിയ കണ്ണാടി ചില്ലുകളെ..
വാക്കുകളുടെ പാതാളക്കുഴികളില്‍
പൂക്കുന്ന സന്തോഷങ്ങളെ...
ചുവരുകളില്‍ തട്ടിത്തെറിക്കുന്ന
സങ്കടങ്ങളെ...
പ്രണയിക്കുകയെന്നാല്‍ വീടിനെ
പ്രണയിക്കുകയെന്ന് തന്നെയാണ്
അടുക്കളയിലെ എല്ലാ പാത്രങ്ങളിലും
വീട് ഉമ്മകള്‍ തൊട്ട് വയ്ക്കും
തൊടിയിലെ ചെടികളില്‍
പൂക്കളുണ്ടാകുമ്പോള്‍ ..
വീടിന്‍റെ കൈകള്‍ നീട്ടി തലോടും
അമ്മ പറയുന്ന കഥ കേട്ടേ
ഉറങ്ങുവെന്ന് വീട് വാശി പിടിക്കും
വീടിന്‍റെ സ്വപ്നങ്ങളെ മുഴുവന്‍
എല്ലാവര്‍ക്കുമായ് പകുത്ത് നല്‍കും
പ്രണയിക്കുകയെന്നാല്‍ വീടിനെ
പ്രണയിക്കുകയെന്ന് തന്നെയാണ്
ഉച്ചനേരങ്ങളില്‍ ചിലപ്പോഴൊക്കെ
രാത്രിയാണെന്ന് തോന്നിക്കും വിധം
ചുംബനങ്ങള്‍ പൂക്കുന്ന
തെരുവുകളുണ്ടാകും വീടിനുള്ളില്‍
വിയര്‍പ്പില്‍ നനയുന്ന വീടാകുമപ്പോള്‍
വൈകുന്നേരം കുട്ടികള്‍ക്കൊപ്പം കുളിച്ച്
പഠിക്കാനിരിക്കുന്ന വീടിനെ
പ്രണയിക്കാതിരിക്കാന്‍ കഴിയില്ല
കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന കടകളെ
ഓര്‍മ്മിപ്പിക്കും ചിലപ്പോള്‍ വീടുകള്‍
തറയില്‍ നിറയെ കുഞ്ഞിച്ചിരികള്‍
പതിഞ്ഞുപോകുന്ന നിമിഷങ്ങളാണത്
ചിലനേരം വാക്കുകളുടെ മുനകള്‍
കൊണ്ട് ചുവരുകളില്‍
വിള്ളല്‍ വീഴുന്നതും
രക്തം ചിന്തുന്നതും കാണാം
എന്നാലും ക്ഷമയുടെ മറുമരുന്നുകള്‍
തൊട്ട് വീടതിനെ ഉണക്കും
പ്രണയിക്കുകയെന്നാല്‍ വീടിനെ -
പ്രണയിക്കുകയെന്ന് മാത്രമാണ്
Not connected : |