"ഒരു പൂവിന്റെ ദുഃഖം .."
മുളയായിരുന്നു ഞാൻ പിന്നെ മുതിർന്നു മൊട്ടായി..
വൃത്ത വടിവോടെ ഞാനും വർണ മലരായി ..
ചിങ്ങ പുലരിയിൽ ചിരിക്കും അരുണനെ ..
ചിത്തനാക്കുന്നൊരു പുതിയ ചിരിയുമായ്
മരതക പച്ച വിരിച്ചൊരു പൂം കാട്ടിൽ
മഞ്ഞിൽ വിരിഞ്ഞു ഞാൻ .. മറ്റാർക്കു വേണ്ടിയോ...
വണ്ടുകൾ തൻ ചുണ്ടിലെ സുന്ദരഗാനവുമായ്
വന്നിടുമെന്നെ തേടി വാദ്യഘോഷങ്ങളോടെ
പുഞ്ചിരി തൂകി നിൽക്കുമെന്നെ പുല്കിയവർ
മുത്തം തന്നു പിന്നെ മധുരം നുകർന്നകലും
വേദനയോടെ ഞാനെൻ മിഴികൾ പൂട്ടി നിൽക്കും
വിരഹമാണെങ്കിലും, നാളെ വരുമെന്ന് കാത്തു നിൽക്കും,
ഒരു കൊച്ചു പെൺകുരുന്നു കയ്യിലെ കുട്ടയിൽ എൻ
തോഴരെ പിഴുതെടുത്തു , എങ്ങോ മറഞ്ഞു പോയി
മാവേലി മന്നനെത്തും നാളെ പുലരുന്നേരം
മഴയെത്തും മുൻപ് പോണം പൂക്കളം തീർക്കുവാനായ്
അതിനായി പോയതാണ്, കൂട്ടരും പെൺകൊടിയും
അതിലെ പറന്നു വന്ന തുമ്പി പറഞ്ഞറിഞ്ഞു.....
അരുണൻ കുളിക്കുവാനായി ആഴിൽ ആണ്ടുപോയി
അതിരുകൾ താണ്ടി വന്ന മാരുതൻ തഴുകി യോടി ..
പുതിയൊരു നാളെയെത്തും..എന്നുടെ സമയമെത്തും ....
പുലരിയെ സ്വപ്നം കണ്ടു ഞാനുമുറക്കാമായി ...
പൂക്കളം തീർക്കുവാനോ പൂജക്കൊ ഞാൻ പോണു ..
പുതു മണവാളൻ തന്റെ പട്ടു മെത്തയിലേക്കോ ???
ഒരു മഞ്ഞു തുള്ളി മെല്ലെ മിഴികളെ തൊട്ടുണർത്തി
ഒളി കണ്ണ് നോട്ടവുമായി അരുണനും മെല്ലെ എത്തി
പുലരിയായ് ..കാത്തിരിക്കാം, വൈകാതെ എത്തും എൻ്റെ
പ്രണയിനി എന്ന് ചൊല്ലി കിളികൾ പറന്നകന്നു ..
താമര മിഴിയഴകും തങ്കത്തിൻ നിറവുമായി
തരുണീ മണിയൊരുവൾ മെല്ലെയെൻ അരികിലെത്തി ...
ആനന്ദ നൃത്തമാടി അവളെ ഞാൻ നോക്കി നിന്നു
അഴകിന്റെ ലഹരി എന്നിൽ അഹങ്കാര തിരി കൊളുത്തി ...
അവൾ എന്നെ കൊയ്തെടുത്തു ഒരുമുത്തം തന്നു പിന്നെ
കാർകൂന്തൽ ഇഴ നടുവിൽ തിരുകി നടന്നകന്നു ...
യുദ്ധം ജയിച്ചു പോകും യുവ രാജ കുമാരൻ പോൽ
യുവതിതൻ മുടിയിലേറി ഞാനും അകന്നു പോയി ..
കാടിന്റെ വശ്യതയെ , അറിയാതെ മറന്നു പോയി,
കാഴ്ചകൾ കണ്ടു ഞാനും നഗരത്ത്തിന് അരികിലെത്തി
ഇരുമ്പു പക്ഷികൾ പറക്കുന്ന വാനവും ..ഇരു-
കാല് ജീവികൾ കയറിയ കാലില്ലാ മൃഗങ്ങളും ...
മഴയില്ല , മഞ്ഞില്ല ..അരുവി തൻ നാദമില്ല,
മണമില്ല എന്നുടെ തോഴരും അവിടില്ല ...
മരമില്ല, മരണത്തിൻ അട്ടഹാസം, കൂടെ
മുരടിച്ച മനുഷ്യ മൃഗങ്ങൾ തൻ രോദനങ്ങൾ,
അരുണൻ മറയാറായ് , അവനുടെ ചൂടിനാൽ
അറിയാതെ എങ്കിലും ഞാനും മരിക്കാറായ് .
അവളൊന്നു നിന്നു ,. പിന്നെ എന്നെ അടർത്തി മാറ്റി,
ആഞ്ഞു വലിച്ചെറിഞ്ഞു തെരുവിൽ ഞാൻ മാത്രമായി
അഴകില്ല എന്നിലിപ്പോ, അറിയില്ല എന്ത് പറ്റി ?
അഹന്ത എൻ അറിവിനെ മറച്ചതു കൊണ്ടിതെന്നോ ?
മധുര സ്വപ്‌നങ്ങൾ കണ്ടു മയങ്ങും മനുജാ നിൻ ജീവിതവും
മലരാം എന്നെ പോലെ, മറക്കല്ലൊരിക്കലും ....
Not connected : |