പെറ്റമ്മ
ഇത് കണ്ണുനീരാണ്...
പെറ്റമ്മയുടെ കണ്ണുനീർ...
പാലരുവികളൊക്കെയും മണ്ണിട്ട്
മൂടിയും പിന്നെ വിഷമയം ആക്കിട്ടും,
അമ്മതൻ നെഞ്ചിൽ ആഴത്തിലേക്കങ്ങു
പൈലിങ്ങിന് പേരിൽ കോൺക്രീറ്റ് ഇറക്കിട്ടും,
അമ്മ തന്ന മധുര കനികളെ
യൂസ്‌ലെസ്സ് എന്ന് പറഞ്ഞ് കളഞ്ഞിട്ടും,
അമ്മ തന്നുടെ ചോറ്റുപാത്രങ്ങളിൽ
രാസമാലിന്യം കുത്തി നിറച്ചിട്ടും,
ഞങ്ങൾക്കായി നീ കാത്തുസൂക്ഷിച്ചൊരു
പട്ടുകമ്പിളി വെട്ടിത്തളിച്ചിട്ടും,
നിന്റെ രക്തമൂറ്റാനായി ഞങ്ങൾ നിൻ
ഹൃദയഭിത്തികൾ ആകെ തകർത്തിട്ടും,
നിന്റെ ശ്വാസവും നിന്റെ ഉച്ചാസ്വവും
കുറ്റിരുട്ടുപോൽ മാരകമാക്കിട്ടും,
പ്ലാസ്റ്റിക് എന്ന വൻ വിപത്താൽ നിന്റെ
ശ്വാസകോശത്തെ മൂടിമറച്ചിട്ടും,
പുഞ്ചിരിച്ചു നീ മാറോടണച്ചപ്പോൾ
ടൈൽ വിരിച്ചങ്ങു ദൂരേക്ക് നിർത്തിട്ടും,
പിന്നെ ഭ്രാന്തമായ് എന്തൊക്കെയോ മൂഡ
കോമരങ്ങൾ ചമച്ചു രസിച്ചിട്ടും...
എന്തിന്നമേ നീ ഇത്രനാൾ മൗനമായ്
ഒക്കെ സഹിച്ചു ക്ഷമിച്ചു കഴിഞ്ഞത്...
ഞങ്ങളുണ്ണികൾ തെറ്റു ചെയ്യുമ്പോൾ നീ
കൊച്ചു ശിക്ഷകൾ തന്നിരുന്നെങ്കിലോ...
ഉണ്ണികൾ വളർന്നുന്മാദ ചിത്തരായ്
നിന്റെ ശാന്തത തല്ലിക്കെടുത്താതെ...
നിന്റെ കണ്ണുനീരിൻ ഒഴുക്കിനെ താങ്ങാൻ
ത്രാണിയില്ലാത്ത വലയാതെ...
എന്നേ നിന്നുടെ ചാരത്തു വന്നതി
ഗൂഢമാം നിന്റെ സ്നേഹം നുകർന്നേന്നെ...
നിന്റെ മാറോടണച്ചൊരിക്കൽ കൂടി
സ്നേഹ ചുംബനം ഏകിയിരുന്നെങ്കിൽ...
ഒക്കെ ക്ഷമിക്കുക ഒക്കെ പൊറുക്കുക
ഭൂമിദേവതേ പെറ്റമ്മയല്ലേ നീ...
Not connected : |