ഓടക്കുഴൽ മധുരം - പ്രണയകവിതകള്‍

ഓടക്കുഴൽ മധുരം 

കായാമ്പൂവിതൾ തുന്നിയ മാല തരാം
കാർമേഘവർണ്ണന്റെ പിറന്നാളിന്
നീർക്കുരുവികൾ പാടുന്ന ചില്ല തരാം
നീൾമിഴിപ്പൂവുകളെഴുതിയൊരുക്കാം
നീലപ്പൂവിതൾ മാല്യങ്ങൾ ചൂടി
നീയെന്റെ കണ്ണിന്റെ വർണ്ണമാകണം
ഗോവർദ്ധനഗിരിനിരയിലും
ഗോകുലമണിവാതിലിലും
ഗോപാലവൃന്ദം പാടുന്നു ഗീതം
ഗോപികാ ഹൃദയമാനന്ദ സമുദ്രമായ്
ഗാനമാധുരി തൻ തിരയിളക്കം
സോപാനലയ ലാവണ്യഭരിതം
ശ്രീമയമാനന്ദലാസ്യഭാവങ്ങളായ്
നാദങ്ങളലയടിക്കുമധരത്തിൽ
ഓടക്കുഴൽ മധുരം ദേവഗാന്ധാരം
നീർക്കടമ്പുകൾ പൂത്ത തീരങ്ങളിൽ
നീലത്താമരക്കണ്ണിണകളിൽ
നിന്നെത്തിരഞ്ഞു ഞങ്ങളിരിക്കവേ
ഓരോ പൂവിനും നിന്നുടെ വർണ്ണം
ഉൾപ്പുളകങ്ങളിൽ പീത വർണ്ണം
ഓർമ്മയിലെങ്ങും അഷ്ടമിരോഹിണീ
കൃഷ്ണകഥകൾ പെയ്ത സായന്തനം
കയ്യിലേക്കൊതുങ്ങുന്ന വെണ്ണ പോലെ
നീ തന്നതാണീ കുഞ്ഞുജീവിതം
കൃഷ്ണകിരീടവും മയിൽപ്പീലിയും
പൂവുടൽ പാതിമറയും പൂഞ്ചേലയും
നീയായൊരുങ്ങുമ്പോൾ കൃഷ്ണാ
നീലമേഘങ്ങൾ മാനത്തു വിരുന്നു വരും
നീൾമിഴിപ്പൂക്കളിൽ സ്വപ്നം തിരയും
നീലക്കാറുകളാകാശത്ത്
തൂമധുരമുള്ളാരു മഴ
പൊതിഞ്ഞു വയ്ക്കും
അഷ്ടമിരോഹിണീ സദ്യയ്ക്കു കാറ്റേ
ചന്ദന ഗന്ധവുമായ് നീയരികേ നിൽക്കണം
നിന്നുടെ ചാമരം വീശി വീശി
നന്മ മരങ്ങളുലഞ്ഞു നില്ക്കണം
ഓർമ്മയിൽ പിറന്നാളൊരൂഞ്ഞാലു കെട്ടി
ബാല്യത്തോളം പറന്നു ചെല്ലണം
വൃന്ദാവനസൂനങ്ങളിൽ നന്ദ ഗോപാലാ
നിൻ കണ്ണിന്റെ കാന്തി കാണണം
പൂമണമുള്ളൊരു കാറ്റിൽ
പുലർകാലത്തെ തണുത്ത മഴയിൽ
പിറന്നാളു വന്നു തൊട്ടു വിളിക്കണം
കൃഷ്ണാ ,നിന്നിലേക്കെത്തുവാൻ
നീളുന്ന ദൂരങ്ങളിൽ ,കന്നിമഴയിൽ
പൂത്തൊരശോകം പോൽ
കാത്തു നില്ക്കയാണു ഞാൻ

എഴുതിയത് - ജയരാജ് മറവൂർ


up
0
dowm

രചിച്ചത്:
തീയതി:03-01-2019 08:19:46 PM
Added by :ജയരാജ് മറവൂർ
വീക്ഷണം:193
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :